ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ ഷാരൂഖ് ഖാനും അല്ലു അർജുനും . പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. ഷാരൂഖ്‌ഖാനും അല്ലു അർജ്ജുനുമായി പ്രശാന്ത് നീൽ സംസാരിച്ചുകഴിഞ്ഞെന്നും ഇരുവരും സമ്മതം മൂളി എന്നും ആണ് വിവരം
. കെ.ജി.എഫ്, കാന്താര , സലാർ തുടങ്ങി ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളാണ് കന്നടയിലെ പ്രശസ്തമായ ഹോംബാലെ ഫിലിംസ്. കാന്താര 2ന്റെ തുടർച്ചയാണ് ഹോം ബാലെയുടെ പുതിയ പ്രോജക്ട്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ടൈസണും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഹോംബാലെ നിർമ്മിച്ച കെ.ജി.എഫ് ചാപ്‌റ്റർ 1, കെ.ജി.എഫ് ചാപ്‌റ്റർ2 ,സലാർ, ബഗീര എന്നീ ചിത്രങ്ങൾ പ്രശാന്ത് നീൽ ആണ് സംവിധാനം ചെയ്തത്. അതേസമയം ഷാരൂഖ്‌ഖാൻ - അല്ലു അർജുൻ ചിത്രം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ ആരാധകരും പ്രതീക്ഷിക്കുന്നുണ്ട്. ജൂനിയർ എൻ.ടി.ആർ നായകനായി ഡ്രാഗൺ എന്ന ചിത്രം ഒരുക്കുകയാണ് ഇപ്പോൾ പ്രശാന്ത് നീൽ. സലാറിനു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രുക്‌മിണി വസന്ത് ആണ് നായിക. മലയാള താരങ്ങളായ ബിജു മേനോനും ടൊവിനോ തോമസും ഡ്രാഗണിന്റെ താരനിരയിലുണ്ട്. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ഡ്രാഗൺ പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുക്കുന്നത്. പ്രദീപ് രംഗനാഥൻ നായകനായ തമിഴ് ചിത്രം ഡ്രാഗണിന്റെ വിജയാഘോഷ വേദിയിൽ വച്ചായിരുന്നു മൈത്രി മൂവി മേക്കേഴ്സ് സാരഥികൾ തങ്ങളുടെ പ്രശാന്ത് നീൽ ചിത്രത്തിന്റെ പേരും ഡ്രാഗൺ എന്ന് പ്രഖ്യാപിച്ചത്. ഡ്രാഗണിനുശേഷം ഷാരൂഖ്‌ഖാൻ - അല്ലു അർജുൻ ചിത്രത്തിലേക്ക് പ്രവേശിക്കാനാണ് പ്രശാന്ത് നീലിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |