തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള കേന്ദ്രനികുതി വിഹിതം വെട്ടിക്കുറച്ചുവരികയാണെന്ന കേരളത്തിന്റെ പരാതി ശരിവെച്ച് കേന്ദ്രസർക്കാർ.
പതിനഞ്ചാം ധനകാര്യകമ്മിഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാസീതാരാമൻ വ്യക്തമാക്കി.
രാജ്യസഭയിൽ ജോൺബ്രിട്ടാസിന്റെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്.
സംസ്ഥാനം നേരിടുന്ന ധനപ്രതിസന്ധിക്ക് ഒരുകാരണം കേന്ദ്രനികുതി വിഹിതം യുക്തിപരമല്ലാത്ത കാരണങ്ങൾ പറഞ്ഞ് വെട്ടിക്കുറയ്ക്കുന്നതാണെന്ന് സംസ്ഥാന നിയമസഭയിലും ബഡ്ജറ്റ് പ്രസംഗങ്ങളിലും സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ ചൂണ്ടിക്കാട്ടാറുണ്ട്.
കഴിഞ്ഞ നാലുവർഷമായി തനത് വരുമാനത്തിൽ വലിയ മുന്നേറ്റം നേടിയെങ്കിലും കേന്ദ്രവിഹിതം കുറയ്ക്കുന്നത് മൂലം അതൊന്നും പൂർണ്ണമായ രീതിയിൽ പ്രയോജനപ്പെടുത്താനാകുന്നില്ലെന്നാണ് സംസ്ഥാനസർക്കാർ ചൂണ്ടിക്കാട്ടിയിരുന്നത്. സംസ്ഥാനത്തിന്റെ കടക്കെണിയും ജീവനക്കാർക്ക് ആനുകൂല്യങ്ങൾ കുടിശികയാകുന്നതും ധനപ്രതിസന്ധിയും രാഷ്ട്രീയ ചർച്ചയാകുമ്പോഴാണ് കേന്ദ്രത്തിന്റെ കുറ്റസമ്മതം.
ജനസംഖ്യയ്ക്ക് ആനുപാതികമായാണ് കേന്ദ്രനികുതിവിഹിതത്തിന്റെ പങ്ക് നിശ്ചയിക്കുന്നത്. ജനപ്പെരുപ്പം നിയന്ത്രിക്കുന്നത് രാജ്യത്തിന്റെ നയമാക്കിയപ്പോൾ ജനസംഖ്യാനുപാതികമായി കേന്ദ്രനികുതിവിഹിതം നിശ്ചയിക്കുന്ന സമ്പ്രദായം മരവിപ്പിച്ചു. പകരം 1971ലെ ജനസംഖ്യ സ്ഥിരം അടിസ്ഥാനമാക്കാൻ തീരുമാനിച്ചു. 1971ൽ കേരളത്തിലെ ജനസംഖ്യ ദേശീയ ജനസംഖ്യയുടെ 3.89%ആയിരുന്നു.കേരളത്തിന് കേന്ദ്രനികുതിയുടെ 3.87% നൽകാനും തീരുമാനമായി. എൻ.ഡി.എ.സർക്കാർ വന്നശേഷം ഇപ്പോഴത്തെ ജനസംഖ്യ മാനദണ്ഡമാക്കി. ജനസംഖ്യാനിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയ കേരളത്തിന് കേന്ദ്രനികുതി വിഹിതം വെട്ടിക്കുറച്ചു. 13ാം ധനകാര്യകമ്മിഷനിൽ 2.75% ആയും 14ാം ധനകാര്യകമ്മിഷനിൽ 2.5% ആയും 15ാം ധനകാര്യകമ്മിഷനിൽ 1.925% ആയും കേന്ദ്രനികുതി വിഹിതം വെട്ടിക്കുറച്ചു.ഓരോ ശതമാനം കുറയുമ്പോഴും ഓരോ വർഷവും ഏകദേശം 24000കോടിയോളം രൂപയുടെ കുറവാണ് സംസ്ഥാനത്തിനുണ്ടായത്. സംസ്ഥാന സർക്കാർ പരാതി അറിയിച്ചിട്ടും കേന്ദ്രസർക്കാർ പരിഗണിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |