തിരുവനന്തപുരം: സിനിമ കോൺക്ലേവിലെ വിവാദ പരാമർശത്തിന്റെ പേരിൽ വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം. അടൂരിന്റെ പ്രസംഗത്തിൽ ഏതെങ്കിലും വിഭാഗത്തിനെതിരെയുള്ള പരാമർശങ്ങളില്ലെന്നും ഫണ്ട് നിറുത്തലാക്കണമെന്നോ നൽകുന്നത് ശരിയല്ലെന്നോ പറഞ്ഞിട്ടില്ലെന്നും നിയമോപദേശത്തിൽ പറയുന്നു.
കോൺക്ലേവിൽ അടൂർ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിനെതിരെ വിവിധ സംഘടനകൾ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് നിയമോപദേശം തേടിയത്. പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ എസ്.സി/ എസ്.ടി കമ്മിഷനും മ്യൂസിയം പൊലീസിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ, പരാമർശത്തിന്റെ പേരിൽ പരാതിക്കാർ പറയുന്ന എസ്.സി/ എസ്.ടി നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുക്കാനാവില്ലെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ആർ. മനു നൽകിയ നിയമോപദേശത്തിൽ പറയുന്നു.
ഫണ്ട് കൊടുക്കുമ്പോൾ പരിശീലനം നൽകണമെന്നാണ് അടൂർ പറഞ്ഞത്. ഏതെങ്കിലും വിഭാഗത്തിന് ഫണ്ട് കൊടുക്കരുതെന്ന് പറയുകയോ അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്നും നിയമോപദേശത്തിൽ വിശദമാക്കുന്നു.
അടൂരിനെതിരെ വനിതാ കമ്മിഷനിൽ പരാതി
സിനിമ പോളിസി കോൺക്ലേവ് സമാപന ചടങ്ങിൽ വിവാദ പരാമർശം നടത്തിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ വനിതാ കമ്മിഷനിൽ പരാതി. ഡബ്ലിയു.സി.സി, ദിശ, അന്വേഷി, വിങ്സ്, നിസ, പെൺകൂട്ട് എന്നീ സംഘടനകളാണ് കമ്മിഷനിൽ പരാതി നൽകിയത്. അടൂരിനെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നാണ് സംഘടനകളുടെ ആവശ്യം. സ്ത്രീവിരുദ്ധ പരാമർശമാണ് അദ്ദേഹം നടത്തിയതെന്നും പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |