കോട്ടയം: സീനിയർ വിദ്യാർത്ഥികളെ 'ബ്രോ എന്ന് വിളിച്ചതിന് പ്ളസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനം. കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി എട്ടോടെ കളത്തിപ്പടി ഗിരിദീപം ബഥനി സ്‌കൂൾ ബോയ്‌സ് ഹോസ്റ്റലിലാണ് രണ്ടു പേർ ചേർന്ന് ടോയ്‌ലെറ്റിൽ വച്ച് കോന്നി അട്ടച്ചാക്കൽ സ്വദേശിയായ വിദ്യാർത്ഥിയെ മർദ്ദിച്ചത്. മൂക്കിലെ അസ്ഥി പൊട്ടിയ കുട്ടി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന്റെ സത്യാവസ്ഥ അറിയാൻ സൗദിയിലുള്ള പിതാവ് ഹോസ്റ്റലിൽ വിളിച്ചപ്പോൾ കുട്ടികൾ തമ്മിലുള്ള തർക്കമായിരുന്നെന്ന മറുപടിയാണ് ലഭിച്ചത്. അന്വേഷണ ആവശ്യം ഉയർന്നപ്പോഴാണ് ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവസമയത്ത് ഹോസ്റ്റലിലുണ്ടായിരുന്ന ബ്രദർ ജോഷിൻ,വാർഡൻ ബിനേഷ് എന്നിവർ നടപടിയെടുത്തില്ലെന്ന് പിതാവ് ആരോപിച്ചു. മൂക്കിൽ പന്ത് കൊണ്ടെന്നേ പറയാവൂയെന്ന് ഹോസ്റ്റൽ ഇൻചാർജ് ആവശ്യപ്പെട്ടെന്നും പിതാവ് പറഞ്ഞു. ഞായറാഴ്ച പിതാവിന്റെ സഹോദരിയും കുടുംബാംഗങ്ങളും ചേർന്ന് കുട്ടിയെ മണർകാട് സ്വകാര്യ ആശുപത്രിയിലെത്തിച്ച് സ്‌കാൻ ചെയ്തപ്പോഴാണ് അസ്ഥിക്ക് പൊട്ടലുണ്ടെന്ന് അറിഞ്ഞത്. തുടർന്നാണ് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. കോട്ടയം ഈസ്റ്റ് പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. റിപ്പോർട്ട് ജ്യുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |