ദുബായ്: യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് സിബിഎസ്‌ഇ പത്താം ക്ലാസ്, പ്ലസ് ടു പൊതുപരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷന് അപാർ ഐഡി ആവശ്യമില്ല. ഇത് സംബന്ധിച്ച സർക്കുലർ ഇന്ത്യയിലെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദേശ രാജ്യങ്ങളിലെ സ്‌കൂളുകൾക്ക് ഇത് സംബന്ധിച്ച സർക്കുലർ ലഭിച്ചതായി വിവിധ സ്‌കൂൾ അധികൃതർ സ്ഥിരീകരിച്ചു.
നാളെ മുതലാണ് സിബിഎസ്‌ഇ പ്ലസ് ടു ബോർഡ് പരീക്ഷയുടെ എൽഒസി (ലിസ്റ്റ് ഓഫ് കാൻഡിഡേറ്റ്‌സ്) രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്. അതത് രാജ്യങ്ങളിലെ നിയമങ്ങളും ഭരണപരമായ കാരണങ്ങളും മുൻനിർത്തി വിദേശത്തുള്ള സിബിഎസ്‌ഇ സ്‌കൂളുകളെ അപാർ ഐഡി രജിസ്‌ട്രേഷനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സർക്കുലറിൽ സിബിഎസ്‌ഇ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് പ്രാഥമിക തിരിച്ചറിയൽ രേഖയായി അപാർ ഐഡി നടപ്പിലാക്കുന്നത് സംബന്ധിച്ച് ജനുവരി 24നാണ് സിബിഎസ്‌ഇ സർക്കുലർ ഇറക്കിയത്. ഇതോടെ ഇന്ത്യയ്‌ക്ക് പുറത്തുള്ള സ്‌കൂളുകളിലും ഇത് ബാധകമാകുമോ എന്ന ആശങ്ക വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഉണ്ടായിരുന്നു. ആധാറില്ലാത്തവർ എടുത്തുവയ്‌ക്കണമെന്ന് യുഎഇയിലെ സ്‌കൂളുകൾ അവസാന നിമിഷം നിർദേശം നൽകിയതോടെ മാതാപിതാക്കൾ ആശങ്കയിലായി.
യുഎഇ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ ആധാർ എടുക്കാനുള്ള സൗകര്യമില്ലാത്തതിനാൽ ഇക്കാര്യത്തിനായി മാത്രം വൻ തുക ചെലവാക്കി നാട്ടിലേക്ക് പോകേണ്ടിവരുമോ എന്നതാണ് ആശങ്കയ്‌ക്ക് ഇടയാക്കിയത്. എന്നാൽ, പുതിയ സർക്കുലർ വന്നതിന്റെ ആശ്വാസത്തിലാണ് വിദ്യാർത്ഥികളും മാതാപിതാക്കളും. സെപ്‌തംബർ 30 വരെയാണ് എൽഒസി രജിസ്‌ട്രേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |