ഇന്നും മനുഷ്യന് കണ്ടെത്താൻ കഴിയാത്ത നിരവധി കാര്യങ്ങൾ ഈ പ്രപഞ്ചത്തിലുണ്ട്. മനുഷ്യരല്ലാതെ ഈ പ്രപഞ്ചത്തിൽ അന്യഗ്രഹ ജീവികളുണ്ടോ ? കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും നിറഞ്ഞ പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണിൽ മനുഷ്യരെ പോലെ ജീവികളുള്ള ഒരു ഗ്രഹമെങ്കിലും കാണുമെന്നാണ് പലരുടെയും വിശ്വാസം.
അങ്ങനെയെങ്കിൽ അവർക്ക് ഭൂമിയിലെ മനുഷ്യരെ പറ്റി അറിയാമായിരിക്കുമോ ? ഭൂമിയിലേക്ക് വരാൻ അവർ ശ്രമിച്ചിട്ടുണ്ടാകുമോ ? ഇത്തരത്തിൽ നിരവധി ചോദ്യങ്ങൾ നമ്മുടെ ഉള്ളിലുണ്ടാകും. പക്ഷേ അന്യഗ്രഹ ജീവികളുടെ നിലനിൽപ്പ് സംബന്ധിച്ച തെളിവുകളൊന്നും ഇതുവരെ ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ല. അടുത്തിടെ ബഹിരാകാശത്ത് ഒരു പുതിയ നിഗൂഢ വസ്തു ശാസ്ത്രജ്ഞർമാരുടെ ശ്രദ്ധയിൽപ്പെട്ടു. വാൽനക്ഷത്രമല്ലെന്നും അതിന് അസാധാരണമായ ചലനം ഉണ്ടെന്നും ചില ഗവേഷകർ പറയുന്നു.
3I/ATLAS
അടുത്തിടെ കണ്ടെത്തിയ ഈ നിഗൂഢ വസ്തുവിന് 3I/ATLAS എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ വസ്തു ഭൂമിയുടെ അടുത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതായാണ് ഗവേഷകർ പറയുന്നത്. ഇതിന്റെ ഉത്ഭവത്തെക്കുറിച്ച് പല വാദങ്ങളും ഉയരുന്നുണ്ട്. ശാസ്ത്രജ്ഞനായ അവി ലോബിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ഗവേഷകർ ഇത് ഒരു അന്യഗ്രഹ പേടകമാണെന്ന് അവകാശപ്പെടുന്നു. അവി ലോബിന്റെ അഭിപ്രായത്തിൽ ഇത് അന്യഗ്രഹജീവികൾ നമ്മളെ നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരുതരം സാങ്കേതികവിദ്യയാണെന്ന് അഭിപ്രായപ്പെടുന്നു. അവിയുടെ ഈ സിദ്ധാന്തം ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.
ആദ്യം കണ്ടെത്തിയത്
നാസ സ്ഥാപിച്ച ചിലിയിലെ റിയോ ഹുർട്ടാഡോയിലുള്ള ATLAS (Asteroid Terrestrial-impact Last Alert System) സർവേ ടെലിസ്കോപ്പാണ് 2025 ജൂലായി ഒന്നിന് 3I/ATLAS കണ്ടെത്തുന്നത്. ഈ വസ്തുവിന് 12 മെെലിൽ കൂടുതൽ വീതിയുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. സെക്കൻഡിൽ ഇത് 37 മെെൽ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഒക്ടോബർ 30ന് ഇത് ഭൂമിയുടെ കുറച്ച് ദൂരെയായി കടന്നുപോകുമെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.
അവി ലോബിന്റെ സിദ്ധാന്തം
ഹാർവാർഡ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ അവി ലോബ് ഒരു പ്രത്യേക സിദ്ധാന്തം തന്നെ ഇതിനെക്കുറിച്ച് മുന്നോട്ട് വയ്ക്കുന്നു. 3I/ATLAS അന്യഗ്രഹജീവികളുടെ പേടകമാകാമെന്നും അത് ഭൂമിയെ ആക്രമിക്കാൻ പദ്ധതിയിടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അന്യഗ്രഹജീവികൾ നമ്മെ നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു തരം നിരീക്ഷണ ഉപകരണമായിരിക്കാം ഇതെന്നും അവി ലോബി പറയുന്നു. ഒന്നെങ്കിൽ അതിന്റെ ഉദ്ദേശ്യം സൗമ്യമായിരിക്കാം അല്ലെങ്കിൽ നമ്മുക്ക് അത് ദോഷകരവുമാവമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 3I/ATLAS ഒരു അന്യഗ്രഹ പേടകമാകാനുള്ള സാദ്ധ്യത വളരെ കുറവാണെന്നും ലോബി തന്നെ പറയുന്നുണ്ട്. പക്ഷേ പൂർണമായും ഇത് വാൽനക്ഷത്രമാണെന്ന് പറയാനും കഴിയില്ല.
നാസയുടെ കണ്ടെത്തൽ
ജൂലായ് ഒന്നിന് ഇതിനെ കണ്ടെത്തിയപ്പോൾ ഇതിനെ ഒരു വാൽനക്ഷത്രമായാണ് നാസ റിപ്പോർട്ട് ചെയ്തത്. ഇതിന്റെ പരിക്രമണ പാതയും ഹെെപ്പർബോളിക് ആകൃതിയും കാരണം ജ്യോതിശാസ്ത്രജ്ഞർ ഇതിനെ നക്ഷത്രാന്തര വസ്തു ആയി തരംതിരിച്ചിട്ടുണ്ടെന്നും നാസ റിപ്പോർട്ട് ചെയ്യുന്നു. നാസയുടെ അഭിപ്രായത്തിൽ 3I/ATLAS ഭൂമിക്ക് ഒരു ഭീഷണിയുമില്ല. ഇത് വളരെ ദൂരെയായിരിക്കും. ഭൂമിയോട് അടുത്തെത്താൻ കഴിയാത്ത അത്രയും ദൂരത്താണ് ഏകദേശം 170 ദശലക്ഷം അകലെയാണ് ഇത് എത്തുന്നതെന്ന് നാസ പറയുന്നു. എന്തായാലും 3I/ATLAS കാര്യത്തിൽ ഒരു വ്യക്തതവരുത്താൻ ഇതുവരെ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |