ഇന്ധനം നിറയ്ക്കാനായി പെട്രോൾ പമ്പിലേക്ക് വാഹനവുമായി കയറുന്ന ഒട്ടുമിക്കവരുടെയും ശ്രദ്ധ റീഡിംഗ് മീറ്ററുകളിലായിരിക്കും. എത്ര ലിറ്റർ പെട്രോൾ അല്ലെങ്കിൽ ഡീസലാണ് വാഹനത്തിൽ നിറച്ചത്? എത്ര രൂപ ചെലവായി? എന്നൊക്കെയാണ് നമ്മൾ ശ്രദ്ധിക്കാറുളളത്. എന്നാൽ സ്വന്തം വാഹനത്തിൽ നിറയ്ക്കുന്ന ഇന്ധനത്തിന്റെ ഗുണമേൻമ എത്രയാണെന്നും അത് വാഹനത്തിന്റെ പ്രവർത്തനക്ഷമതയെ എങ്ങനെയാണ് ബാധിക്കുന്നതെന്നും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
സാധാരണ പെട്രോൾ എന്ന് മുദ്ര കുത്തിയ ഇന്ധനമാണ് വാഹനങ്ങളിൽ നിറയ്ക്കാറുളളത്. ഇത് വർഷങ്ങൾക്ക് മുൻപുളള കാര്യമായിരുന്നു. ഇപ്പോൾ വാഹനങ്ങളിൽ നിറയ്ക്കുന്നത് സാധാരണ പെട്രോൾ (ഗ്യാസോലിൻ ) ആണെന്ന് കരുതുന്നുണ്ടെങ്കിലും, ഇവയിൽ എത്തനോളിന്റെ അളവ് കൂടുതലായി അടങ്ങിയിട്ടുണ്ട്. സാധാരണ പെട്രോളിൽ ( E0 അല്ലെങ്കിൽ 91 RON) പത്ത് ശതമാനം എത്തനോൾ അടങ്ങിയിട്ടുണ്ട്. എന്നാൽ കൂടുതൽ പമ്പുകളിലും 20 ശതമാനം എത്തനോൾ (E20) അടങ്ങിയ പെട്രോളാണ് വാഹനങ്ങളിൽ നിറയ്ക്കുന്നത്. ഈ ട്രെൻഡ് രാജ്യത്തൊട്ടാകെ വ്യാപിക്കുകയാണ്.
20 ശതമാനം എത്തനോൾ അടങ്ങിയ പെട്രോൾ വാഹനത്തിന്റെ എഞ്ചിനെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം. ഇത് വാഹനങ്ങളുടെ ശേഷിയെ അടിസ്ഥാനപ്പെടുത്തിയാണ്. ഇന്ത്യയിലെ വാഹന നിർമാതാക്കൾ E20യ്ക്ക് അനുയോജ്യമായ തരത്തിലുളള എഞ്ചിനുകൾ രൂപകൽപ്പന ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. 2023 മുതൽ നിർമിച്ച മോഡലുകൾ ഇതനുസരിച്ചായിരിക്കും. അതിനാൽ തന്നെ ഇപ്പോഴുളള പുതിയ വാഹനങ്ങൾക്ക് E20 അനുയോജ്യമായിരിക്കും. എന്നാൽ നിങ്ങളുടെ വാഹനം 2015ന് മുൻപ് നിർമിച്ചതാണെങ്കിൽ E20 അനുയോജ്യമാകണമെന്നില്ല. ഇത്തരത്തിലുളള മിശ്രിതം വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാൻ കാരണമാകും. പെട്ടെന്ന് മാറ്റങ്ങളൊന്നും പ്രകടമായില്ലെങ്കിലും കാലക്രമേണ വാഹനങ്ങളിൽ പല പ്രശ്നങ്ങളും ഉണ്ടാകാം.
പെട്രോളിയം ആൻഡ് നാച്ച്വറൽ ഗ്യാസ് മന്ത്രാലയവും ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഒഫ് ഇന്ത്യയും പറയുന്നതനുസരിച്ച്, E20 ഇന്ധനം എല്ലാ പ്രധാന എഞ്ചിനുകളിലും പരീക്ഷിച്ച് വിജയിച്ചെന്നാണ്. വലിയ പ്രതിഫലനങ്ങളൊന്നും കാണിച്ചിട്ടില്ല. ഹോട്ട് ആൻഡ് കോൾഡ് സ്റ്റാർട്ടബിലിറ്റി പരിശോധനകളിലും E20 സുരക്ഷിതമാണെന്ന് തെളിഞ്ഞിട്ടുണ്ട്. E20ക്കുവേണ്ടി കാലിബ്രേറ്റ് ചെയ്ത എഞ്ചിനുകളിൽ മൈലേജ് ഒന്ന് മുതൽ രണ്ട് ശതമാനം വരെ കുറയാൻ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പഴയ വാഹനങ്ങളിൽ ആ കുറവ് മൂന്ന് മുതൽ ആറ് ശതമാനം വരെയാകാം. എന്നിരുന്നാലും മികച്ച എഞ്ചിൻ ട്യൂണിംഗിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
എന്തിനാണ് പെട്രോളിൽ എത്തനോൾ കലർത്തുന്നത്?
1. അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കുന്നതിന്.
2. വാഹനങ്ങൾ കാർബൺ പുറന്തളളുന്നത് കുറയ്ക്കുന്നതിന്.
3. കരിമ്പിൽ നിന്ന് ധാന്യങ്ങളിൽ നിന്നും എത്തനോൾ ശേഖരിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക.
2025-26 വർഷത്തിൽ 20 ശതമാനം എത്തനോൾ മിശ്രിതം എന്ന ലക്ഷ്യമാണ് സർക്കാരിനുളളത്. വരും വർഷങ്ങളിൽ മിശ്രിതത്തിൽ 27 ശതമാനം എത്തനോൾ ആക്കുന്നതിനുളള പദ്ധതിയും ഒരുക്കുന്നുണ്ട്. എത്തനോൾ കലർന്ന പെട്രോൾ ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോ? എത്തനോളിന്റെ അംശം കുറഞ്ഞ പെട്രോൾ വകഭേദങ്ങളുടെ വിലയിൽ മാറ്റങ്ങൾ ഉണ്ടാകും. അതായത് XP100 പെട്രോളിൽ അഞ്ച് മുതൽ പത്ത് ശതമാനം വരെയായിരിക്കും എത്തനോൾ അടങ്ങിയത്. ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ പ്രീമിയം പെട്രോളാണിത്, ഇതിന് ലിറ്ററിന് 150 മുതൽ 170 രൂപ വരെ വില വരും. എല്ലാ പമ്പുകളിലും ഇത് ലഭ്യമല്ല.
എത്തനോൾ
കരിമ്പ്, ധാന്യങ്ങൾ തുടങ്ങിയവയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ജൈവ സമ്പന്നമായ ഇന്ധനമാണ് എത്തനോൾ. ഇന്ത്യയിൽ മാത്രം 800ൽ അധികം എത്തനോൾ ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റുകളുണ്ട്. ഇവിടെ നിന്ന് ഉൽപ്പാദിപ്പിക്കുന്ന എത്തനോൾ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം തുടങ്ങിയ ഭീമൻ എണ്ണ കമ്പനികൾക്കാണ് വിതരണം ചെയ്യുന്നത്. റിഫൈനറികളിലോ ടെർമിനലുകളിലോ ആണ് എത്തനോൾ പെട്രോളിൽ കലർത്തുന്നത്.
ഇന്ത്യയിൽ മാത്രമല്ല മറ്റുപല രാജ്യങ്ങളിലും എത്തനോൾ കലർന്ന പെട്രോൾ മിശ്രിതമാണ് വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്നത്. ബ്രസീലിൽ ലഭിക്കുന്ന സ്റ്റാൻഡേർഡ് പെട്രോളിൽ 27 ശതമാനമാണ് എത്തനോൾ കലർത്തുന്നത്. ഇവിടെ പൂർണ്ണമായും എത്തനോൾ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളുമുണ്ട്. അമേരിക്കയിൽ 1990 മുതൽ എത്തനോൾ കലർന്ന പെട്രോളാണ് ഉപയോഗിച്ചിരുന്നത്. സ്വീഡനിൽ 85 ശതമാനം വരെ എത്തനോൾ കലർന്ന മിശ്രിതമാണ് ഉപയോഗിക്കുന്നത്. ചൈനയിൽ 2017 മുതൽ E20 നിർബന്ധമാക്കിയിട്ടുണ്ട്. അതേസമയം, തായ്ലാൻഡിൽ E10.E20,E85 എന്നിങ്ങനെയുളള മിശ്രിതങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
വാഹന ഉടമകൾ എന്തുചെയ്യണം?
നിങ്ങളുടെ വാഹനം E20ക്ക് അനുയോജ്യമാണോയെന്ന് പരിശോധിക്കാൻ വാഹനത്തിന്റെ ബുക്ക്‌ലെറ്റ് പരിശോധിച്ചാൽ മതിയാകും. അല്ലെങ്കിൽ വിദഗ്ദരുടെ അഭിപ്രായം തേടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |