അശ്ലീല ചിത്രത്തിൽ അഭിനയിക്കുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന പരാതിയിൽ നടി ശ്വേത മേനോനെതിരായ കേസിൽ പ്രതികരിച്ച് നടൻ ദേവൻ. പരാതി ശുദ്ധ അസംബന്ധമാണെന്നും വിവരമറിഞ്ഞപ്പോൾ വലിയ വിഷമം തോന്നിയെന്നും ദേവൻ പറഞ്ഞു. ഒരു മാദ്ധ്യമത്തോടായിരുന്നു നടന്റെ പ്രതികരണം.
'നമ്മുടെ ഒരു സഹപ്രവർത്തകയ്ക്ക് ഇങ്ങനെയൊരു ദുര്യോഗം വന്നതിൽ വല്ലാത്ത വേദന തോന്നി. മുതിർന്ന അംഗങ്ങൾക്കും ഇതേവികാരമാണ് തോന്നിയത്. കേസിന്റെ എഫ്‌ഐആർ കണ്ടിരുന്നു. തികച്ചും അസംബന്ധമായ കാര്യങ്ങളാണ് അതിലുള്ളത്. ഒരു കാതൽ അതിലില്ല. സിനിമയിലെ ചില രംഗങ്ങൾ കാട്ടിക്കൊണ്ടാണ് കേസ് കൊടുത്തിരിക്കുന്നത്. അത് അവരുടെ പ്രൊഫഷനാണ്. ശ്വേതാ മേനോന്റെ ഇഷ്ടത്തിനോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾക്കോവേണ്ടി ചെയ്തതല്ല അവ. ഒരു സിനിമയുടെ തിരക്കഥ ആവശ്യപ്പെടുന്ന കാര്യങ്ങളാണ് അവർ ചെയ്തത്. അതിൽ സെക്‌സ് കുറഞ്ഞിട്ടുണ്ടോ കൂടിയിട്ടുണ്ടോയെന്ന് തീരുമാനിക്കേണ്ടത് സെൻസർ ബോർഡാണ്. അവർ അനുവദിച്ചതുകൊണ്ടാണ് ആ സിനിമകൾ റീലിസ് ചെയ്തത്.
അമ്മയിലെ തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ ആഗ്രഹിക്കുന്ന ശക്തികളാണ് ഇതിന് പിന്നിൽ. അല്ലാതെ വേറൊരു കാര്യവും ഇതിൽ കാണുന്നില്ല. സിനിമ ഇറങ്ങിയിട്ട് വർഷങ്ങളായി, അന്ന് വിവാദങ്ങളൊന്നും ഉണ്ടായിരുന്നില്ല. അമ്മയെന്ന സംഘടനയെ തകർക്കാനുള്ള നീക്കമാണിത്. പലരും സംഘടനയ്ക്ക് ചീത്തപ്പേരുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. ബാബുരാജ് ഇതിന് പിന്നിലുണ്ട് എന്നതിനെക്കുറിച്ച് എനിക്കറിയില്ല. എന്നാൽ ദുരൂഹമായ നിഗൂഢത ഇതിന് പിന്നിലുണ്ട്. ഇതിന് പിന്നിൽ ആരാണെന്നുള്ളത് അമ്മ കണ്ടെത്തും'- ദേവൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |