എല്ലാവരുടെയും പി.ജിക്ക്, എന്റെ അച്ഛന് അടുത്ത മാർച്ച് 26-ന് നൂറു വയസു തികയുന്നു. ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരികൊളുത്തും. സംസ്ഥാനതലത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് പി. ഗോവിന്ദപ്പിള്ള സംസ്‌കൃതി കേന്ദ്രം ആസൂത്രണം ചെയ്തിരിക്കുന്നത്. അച്ഛൻ എഴുതി, എൻ.ബി.ടി (നാഷണൽ ബുക്ക് ട്രസ്റ്റ്) പ്രസിദ്ധീകരിച്ച ഇ.എം.എസിന്റെ ജീവചരിത്രത്തിന് 2025- ലെ മുസാഫിർ അഹമ്മദ് സ്മാരക പുരസ്‌കാരം ശതാബ്ദിയാഘോഷ വേളയിൽ ലഭിച്ചതിൽ അനല്പമായ സന്തോഷമുണ്ട്. എന്റെ സഹോദരൻ, മാദ്ധ്യമ പ്രവർത്തകനായ എം.ജി. രാധാകൃഷ്ണൻ ആണ് ലെഫ്റ്റ് വേർഡ് പ്രസാധകർക്കു വേണ്ടി പുസ്തകം വിവർത്തനം ചെയ്തത്.
2019- ലാണ് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ മുൻകൈയിൽ അച്ഛനെ സ്‌നേഹിക്കുന്നവരും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരുമായ വ്യക്തികളെ ഉൾപ്പെടുത്തിക്കൊണ്ട് പി.ജി. സംസ്‌കൃതി കേന്ദ്രം ആരംഭിച്ചത്. പ്രശസ്ത ചരിത്രകാരൻ ഡോ. കെ.എൻ. പണിക്കർ ആണ് കേന്ദ്രത്തിന്റെ ചെയർപേഴ്സൺ. അച്ഛന്റെ ചിരസ്മരണയ്ക്കായി മാത്രമല്ല, അച്ഛൻ ഹൃദയത്തോട് ചേർത്തുനിറുത്തിയ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുവാനും അച്ഛൻ ഉയർത്തിപ്പിടിച്ച മുദ്രാവാക്യങ്ങളും ആശയങ്ങളും അർത്ഥപൂർണമാക്കുവാനും കൂടിയാണ് ഇത്തരത്തിൽ ഒരു കേന്ദ്രം തുടങ്ങിയത്.
സംസ്ഥാന സർക്കാർ തിരുവനന്തപുരം മേട്ടുക്കടയിൽ അനുവദിച്ച സ്ഥലത്ത് പി.ജി പഠന ഗവേഷണ കേന്ദ്രവും ലൈബ്രറിയും ആരംഭിക്കുവാനുള്ള പ്രാരംഭ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. അക്ഷരത്തെ അതിരറ്റു പ്രണയിച്ചിരുന്ന അച്ഛൻ ഞങ്ങൾക്ക് നൽകിയിട്ടു പോയ അമൂല്യ നിധിയാണ് 25,000 പുസ്തകങ്ങളുടെ ശേഖരം. അത് നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് ഞങ്ങൾ കുടുംബാംഗങ്ങളുടെ കടമയായി കരുതുന്നു. ഇപ്പോൾ സുഭാഷ് നഗറിലെ വീട്ടിൽ പൊതുജനങ്ങൾക്കായി ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.
പുസ്തകങ്ങൾ കൗതുക വസ്തുക്കളല്ല, അവ വായിക്കപ്പെടണം. അച്ഛനും അതാകും ആഗ്രഹിക്കുക. ഓരോ പുസ്തകവും അച്ഛൻ തൊട്ടും തലോടിയും, പേർത്തും പേർത്തും വായിച്ചവയുമാണ്. 2012 നവംബർ 22-നാണ് അച്ഛൻ നമ്മളെ വിട്ടുപിരിഞ്ഞത്. ഒരു വർഷത്തോളം രോഗാതുരനായിരുന്നുവെങ്കിലും അവസാനശ്വാസം വരെയും അച്ഛൻ വായനയിൽ, അറിവിൽ ആവേശം കൊള്ളുമായിരുന്നത് മറക്കാനാവില്ല. ദീർഘനാളത്തെ പ്രമേഹം കാഴ്ച ദുർബലമാക്കിയപ്പോൾ വായിച്ചുകേട്ടാണ് അച്ഛൻ തൃപ്തിപ്പെട്ടത്. അച്ഛന്റെ യുവസഖാക്കളും സുഹൃത്തുക്കളും ഞങ്ങൾ മക്കളും കൊച്ചുമക്കളും വായിച്ചു കൊടുത്തുകൊണ്ടിരുന്നു. പുസ്തകപ്രേമം ഉന്മാദത്തോടടുത്ത് നിൽക്കുന്നതായിപ്പോലും ചില വേള ഞങ്ങൾക്കു തോന്നിയിരുന്നു.
അതുകൊണ്ടാണ് അച്ഛൻ എഴുപത് വർഷത്തിലേറെ കാലത്തിനിടെ ശേഖരിച്ച ഗ്രന്ഥങ്ങൾക്ക് പുനർജ്ജന്മം നൽകണമെന്ന് കരുതുന്നത്. പുതിയ തലമുറ അതേറ്റെടുക്കുമെന്ന് അച്ഛൻ ഒരുപക്ഷേ സ്വപ്നം കണ്ടിട്ടുണ്ടാകും. യുവാക്കളെയും അവരുടെ ഊർജസ്വലമായ ചിന്തകളെയും ആവേശത്തോടെ സ്വീകരിക്കുന്നത് അച്ഛന്റെ സവിശേഷതയായിരുന്നു. പുതിയ സിനിമ , പുതിയ നാടകം, സാഹിത്യം... ഇതെല്ലാം അച്ഛനു പ്രിയപ്പെട്ടതായിരുന്നു. ആശയപരമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോഴും ചെറുപ്പക്കാരുമായി ക്രിയാത്മകമായ സംവാദങ്ങൾ അച്ഛൻ നടത്തുകയും, അവരുമായി വ്യക്തിപരമായ ഗാഢസൗഹൃദം പുലർത്തുകയും ചെയ്തിരുന്നു. പുതിയതെന്തും അച്ഛനെ അളവറ്റ് ആനന്ദിപ്പിച്ചിരുന്നു. കാലാനുസൃതമായി നവീകരിക്കപ്പെടേണ്ട അറിവിനെക്കുറിച്ച് അച്ഛന് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അച്ഛന്റെ പേരിൽ ഉയർന്നു വരുന്ന സ്മാരകം യുവാക്കൾക്ക് ആകർഷകമാകണമെന്ന് കരുതുന്നത്.
ഇന്ന് പഴയകാല ലൈബ്രറികൾക്ക് പ്രസക്തി കുറഞ്ഞു വരികയാണ്. ഒരു ക്ലിക്കിൽ ഏത് പുസ്തകവും കൺമുന്നിലെത്തുന്നു. മൊബൈൽ ഫോണിൽ എത്രയോ പുസ്തകങ്ങൾ സൂക്ഷിക്കാം. അതുകൊണ്ടാണ് ഒരു വെറും ലൈബ്രറി എന്നതിനപ്പുറത്ത് പി.ജി സ്മാരകത്തെ വിജ്ഞാനോത്പാദന കേന്ദ്രമാക്കി മാറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്. വായനകളും സംവാദങ്ങളും സജീവമാക്കുന്ന ഒരിടം. കൂടാതെ, കുട്ടികൾക്കായി ഒരു ആധുനിക ലൈബ്രറിയും ഇതിന്റെ ഭാഗമായി ഉണ്ടാകും . കുട്ടികൾക്ക് വായിക്കാനും കളിക്കാനും ആശയവിനിമയം ചെയ്യാനും ഇവിടെ കഴിയും.
ജനാധിപത്യവും പൗരാവകാശവും ലിംഗസമത്വവും പോലെയുള്ള സങ്കല്പനങ്ങൾ കുട്ടികൾക്ക് കളികളിലൂടെയും കലയിലൂടെയും പരിചയപ്പെടുത്താനും ഇവിടം പ്രയോജനപ്പെടുത്താൻ കഴിയും. ശതാബ്ദി ആഘോഷങ്ങൾ അർത്ഥപൂർണമാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ശതാബ്ദി സ്മാരക മന്ദിരം പൂർത്തീകരിക്കുക, സമ്പൂർണ കൃതികൾ പ്രസിദ്ധീകരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കു പുറമേ സംസ്ഥാനാടിസ്ഥാനത്തിൽ സംവാദങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
കമ്മ്യൂണിസ്റ്റുകാരല്ലാത്ത അനേകർ അച്ഛനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. പി.ജിയുടെ മകൾ എന്ന പരിഗണന ഇപ്പോഴും പല സന്ദർഭങ്ങളിലും ലഭിക്കുമ്പോൾ കണ്ണ് നനയാറുണ്ട്. അച്ഛനെ സ്‌നേഹിക്കുന്ന എല്ലാവരുടെയും സഹായവും പിന്തുണയും ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു. അച്ഛനും അച്ഛന്റെ തലമുറയിലെ സഖാക്കളും കണ്ട സാമൂഹ്യ പരിവർത്തന സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാനുള്ള വിനീതശ്രമങ്ങളുമായി ഞങ്ങളും മുന്നോട്ടു പോകട്ടെ.
(പി.ജി സംസ്‌കൃതി കേന്ദ്രം സെക്രട്ടറി കൂടിയാണ് ലേഖിക)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |