സ്ത്രീധനമില്ലാത്ത വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പറ്റാത്ത കാലം. സ്ത്രീധനത്തിന്റെ പേരിൽ അരങ്ങേറുന്ന വധൂപീഡനങ്ങളുടെ ക്രൂരകഥകൾക്കും, നിസഹായരായ യുവതികൾ സഹികെട്ട് ഭർതൃഗൃഹത്തിൽ സ്വയംഹത്യയ്ക്ക് നിർബന്ധിതരാകുന്നതിന്റെയും വർത്തമാനങ്ങൾക്ക് ഒരു പഞ്ഞവുമില്ല. വരന്റെ മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരൊക്കെ കേസിൽ പ്രതികളാകുന്നു! സർക്കാർ ഉദ്യോഗസ്ഥരായ ഭർത്താക്കന്മാരെ സ്ത്രീധന പീഡനത്തിന്റെ പേരിൽ സർവീസിൽ നിന്ന് പിരിച്ചുവിടുന്നു...!
അതിനിടെ പല പരിഷ്കാരങ്ങളെക്കുറിച്ചും കേട്ടിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന് പുറപ്പെടുന്നവരിൽ നിന്ന് സർവകലാശാലകൾ, താൻ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന് സത്യവാങ്മൂലം വാങ്ങുക, സർക്കാർ സർവീസിൽ പ്രവേശിക്കുന്നതിന് ഇത്തരം സാക്ഷ്യപത്രം നിർബന്ധമാക്കുക... അങ്ങനെ പലതും. ഒന്നും സംഭവിച്ചില്ല. സ്വന്തം മകൾ ഭർതൃഗൃഹത്തിൽ അഭിമാനത്തോടെയും സന്തോഷത്തോടെയും കഴിയട്ടെ എന്നു കരുതിയാവും, മിക്ക മാതാപിതാക്കളും സ്ത്രീധനം നല്കുന്നതിന് തയ്യാറാവുക. പക്ഷേ, ഭർതൃവീട്ടുകാരുടെ ആർത്തിക്കു മുന്നിൽ പെൺവീട്ടുകാരുടെ 'ധനസമ്മാന"ത്തിന് എന്നും തൂക്കം കുറഞ്ഞുതന്നെയിരിക്കും!
സമ്മാനമായി നല്കിയ കാറിന്റെ ബ്രാൻഡിന്റെ പേരിൽ, വധു അണിഞ്ഞിരുന്ന ആഭരണങ്ങളുടെ പരിശുദ്ധിയുടെ പേരിൽ, എഴുതി നല്കാമെന്ന് ഏറ്റിരുന്ന വസ്തുവിന്റെ വിസ്തൃതിയുടെ പേരിൽ.... പീഡനപർവങ്ങൾക്ക് ഇതുപോലെ വിചിത്രമായ കാരണങ്ങൾ പലതുമുണ്ട്. നിസാരവും ലളിതവുമായൊരു ചോദ്യമുണ്ട്: ഒരു പെൺകുട്ടിയെ സ്വന്തം നിലയ്ക്ക് പുലർത്തുവാൻ പാങ്ങില്ലാത്ത പുരുഷൻ എന്തിന് വിവാഹം കഴിക്കണം? ചോദ്യങ്ങളും സത്യപ്രതിജ്ഞകളും സിംപോസിയങ്ങളും ചർച്ചകളുമൊക്കെ പൊടിപൊടിച്ച് നടക്കുമ്പോഴും ഭർതൃപീഡന വാർത്തകൾക്ക് അവസാനമില്ല.
എന്നാൽ, സംസ്ഥാനത്തിന്റെ സാമൂഹിക ചരിത്രത്തിൽ നാഴികക്കല്ലാകാൻ പോകുന്ന ഒരു നിയമഭേദഗതിക്ക് സർക്കാർ ഒരുങ്ങുകയാണ്. സ്ത്രീധനം നൽകുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കുകയും, സ്ത്രീധനം ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്യുന്നവർക്ക് കഠിന ശിക്ഷ നൽകുകയും ചെയ്യുന്ന സുപ്രധാനമായ മാറ്റമാണ് സ്ത്രീധന നിരോധന നിയമത്തിൽ വരാനിരിക്കുന്നത്. നിയമ പരിഷ്‌കരണ കമ്മിഷൻ സമർപ്പിച്ച കരട് ബില്ലായ 'ദി ഡൗറി പ്രൊഹിബിഷൻ (കേരളാ അമെൻഡ്‌മെന്റ്) ബിൽ (2025) സ്ത്രീധനവുമായി ബന്ധപ്പെട്ട നിയമങ്ങളെ അടിമുടി മാറ്റിയെഴുതുന്നതാണ്.
സ്വീകർത്താക്കൾ
പ്രതിയാകും
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ സ്ത്രീധനം സ്വീകരിക്കുന്നവർക്കു മാത്രമായിരിക്കും ക്രിമിനൽ ബാദ്ധ്യത. അതായത്, വരനോ അയാളുടെ കുടുംബാംഗങ്ങളോ വധുവിൽ നിന്നോ അവളുടെ കുടുംബത്തിൽ നിന്നോ വിലപിടിപ്പുള്ള വസ്തുക്കൾ സ്വീകരിച്ചാൽ അവർ മാത്രമായിരിക്കും നിയമനടപടി നേരിടേണ്ടി വരിക. നിലവിലുള്ള നിയമത്തിൽ, സ്ത്രീധനം നൽകുന്നവരും സ്വീകരിക്കുന്നവരും ഒരുപോലെ ശിക്ഷാർഹരാണ്. ഈ മാറ്റം, സ്ത്രീധന പീഡനത്തിന് ഇരയാകുന്നവർക്ക് ധൈര്യത്തോടെ മുന്നോട്ടു വരാൻ വലിയൊരു സഹായമാകുമെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
നിർവചനം
പുതിയത്
നിയമത്തിലെ രണ്ടാം വകുപ്പിൽ 'സ്ത്രീധനം" എന്നതിന്റെ നിർവചനം മാറ്റിയെഴുതുന്നുണ്ട്. നിലവിൽ വിവാഹവുമായി ബന്ധപ്പെട്ട് 'നൽകുകയോ നൽകാൻ സമ്മതിക്കുകയോ ചെയ്യുന്ന" ഏതൊരു വിലപിടിപ്പുള്ള വസ്തുവും സ്ത്രീധനമാണ്. എന്നാൽ, പുതിയ നിർവചനം അനുസരിച്ച് വരനോ അയാളുടെ ബന്ധുക്കളോ വധുവിൽ നിന്നോ അവളുടെ കുടുംബത്തിൽ നിന്നോ 'സ്വീകരിക്കുന്ന" വിലപിടിപ്പുള്ള വസ്തുക്കൾ മാത്രമായിരിക്കും സ്ത്രീധനമായി കണക്കാക്കുക. ഇത് നിയമം കൂടുതൽ വ്യക്തവും ലക്ഷ്യാധിഷ്ഠിതവുമാക്കുന്നു.
ശിക്ഷകളിൽ
മാറ്റങ്ങൾ
സ്ത്രീധന നിരോധന നിയമത്തിലെ ഏറ്റവും വലിയ മാറ്റങ്ങൾ വരുന്നത് ശിക്ഷാ വ്യവസ്ഥകളിലാണ്:
വകുപ്പ് 3: സ്ത്രീധനം സ്വീകരിക്കുന്നത്: നിലവിൽ സ്ത്രീധനം നൽകുന്നതിനും സ്വീകരിക്കുന്നതിനും കുറഞ്ഞത് അഞ്ചു വർഷം തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ. എന്നാൽ, നിർദ്ദിഷ്ട നിയമം പ്രാബല്യത്തിൽ വന്നാൽ സ്ത്രീധനം സ്വീകരിക്കുന്നവർക്കു മാത്രമായിരിക്കും ശിക്ഷ ലഭിക്കുക. ഇത് മൂന്നു മുതൽ ഏഴു വർഷം വരെ തടവും, 50,000 മുതൽ ഒരുലക്ഷം രൂപ വരെ പിഴയും, അല്ലെങ്കിൽ സ്വീകരിച്ച സ്ത്രീധനത്തിന്റെ യഥാർത്ഥ മൂല്യം, ഇവയിൽ ഏതാണോ കൂടുതൽ, അത് പിഴയായി ഈടാക്കുകയും ചെയ്യും.
വകുപ്പ് 4: സ്ത്രീധനം ആവശ്യപ്പെടുന്നത്: നിലവിൽ സ്ത്രീധനം ആവശ്യപ്പെടുന്നത് ആറു മാസം മുതൽ രണ്ടുവർഷം വരെ തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. നിർദ്ദേശിക്കുന്ന മാറ്റമനുസരിച്ച് തടവുശിക്ഷയിൽ മാറ്റമില്ലെങ്കിലും പിഴത്തുക 50,000 ആയി വർദ്ധിക്കും.
പീഡനത്തിന്
പ്രത്യേക വകുപ്പ്
ഇതുവരെ സ്ത്രീധനവുമായി ബന്ധപ്പെട്ട വിവാഹാനന്തര പീഡനങ്ങൾ പലപ്പോഴും ഗാർഹിക പീഡനത്തിന്റെ പരിധിയിലാണ് വന്നിരുന്നത്. എന്നാൽ, പുതിയ ഭേദഗതിയിലൂടെ ഈ നിയമത്തിനു കീഴിൽ ഒരു പുതിയ വ്യവസ്ഥ ഉൾപ്പെടുത്തുന്നുണ്ട്. ഇതനുസരിച്ച്, സ്ത്രീധനത്തിനായി വധുവിനെ നേരിട്ടോ അല്ലാതെയോ ഉപദ്രവിക്കുന്നത് ഈ നിയമപ്രകാരം വ്യക്തമായി ശിക്ഷാർഹമാകും. ഇതിന് രണ്ടുവർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കും. ഇത് നിയമത്തിലെ ഒരു വലിയ പഴുത് അടയ്ക്കുന്ന നടപടിയാണ്.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളത്തിൽ കുറഞ്ഞത് 99 സ്ത്രീധന മരണങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള നിയമം സ്ത്രീധനം നൽകുന്നവരെയും കുറ്റവാളികളാക്കുന്നതിനാൽ, പല ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നിയമപരമായ നടപടികളിലേക്കു പോകാൻ ഭയമായിരുന്നു. 'സ്ത്രീധനം നൽകുന്നവർക്കു മേലുള്ള കളങ്കം നീക്കം ചെയ്യുന്നത്, ഇരകൾക്ക് തുറന്നുപറയാനുള്ള ധൈര്യം നൽകു"മെന്ന് നിയമ കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു. ഈ ഭേദഗതി ഇരകളെ ശാക്തീകരിക്കാനും, സ്ത്രീധനം ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്യുന്നവരെ ലക്ഷ്യമിട്ട് ശിക്ഷകൾ നൽകാനും, സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനങ്ങളെ ഒരു നിയമത്തിന്റെ കീഴിൽ കൊണ്ടുവരാനും സഹായിക്കും.
നിയമ പരിഷ്‌കരണ കമ്മിഷൻ നിർദ്ദിഷ്ട നിയമത്തിന്റെ കരട് ബിൽ കേരള സർക്കാരിന് ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്. സംസ്ഥാന നിയമ വകുപ്പിന്റെ ഭരണപരമായ പരിശോധന, മന്ത്രിസഭാ അംഗീകാരം, നിയമസഭയിലെ ചർച്ച, തുടർന്ന് നിയമ നിർമ്മാണം എന്നിവയാണ് ഇനി നടക്കാനുള്ള പ്രക്രിയകൾ. നിയമം പാസാകുമ്പോൾ, സ്ത്രീധനം നൽകുന്നതിനെ കുറ്റകൃത്യമല്ലാതാക്കുകയും, സ്ത്രീധനം സ്വീകരിക്കുന്നതിനും അതുമായി ബന്ധപ്പെട്ട ഗാർഹിക പീഡനത്തിനും എതിരായ നടപടികൾ ശക്തമാക്കുകയും ചെയ്യുന്ന രാജ്യത്തെ ആദ്യ സംസ്ഥാനങ്ങളിലൊന്നായി കേരളം മാറും. നിയമപരമായ ഈ മാറ്റങ്ങൾ കേരളത്തിലെ സ്ത്രീധന സമ്പ്രദായത്തെയും സാമൂഹിക നീതിയെയും എങ്ങനെയെല്ലാം മാറ്റിമറിക്കുമെന്ന് കാത്തിരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |