കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ കണ്ണൂർ ജില്ല എക്കാലവും അക്രമങ്ങളുടെ കേന്ദ്രബിന്ദുവാണ്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ആയുധബലത്തിലൂടെ പരിഹരിക്കുന്ന വിചിത്രമായ സംസ്‌കാരം ഈ മണ്ണിൽ വേരൂന്നിയിരിക്കുന്നു. എന്നാൽ സമീപകാലത്ത്, പരമ്പരാഗത രാഷ്ട്രീയ അക്രമങ്ങൾക്ക് പകരം സാമ്പത്തിക കുറ്റകൃത്യങ്ങളിലേക്കും ക്വട്ടേഷൻ സംഘങ്ങളിലേക്കും ശ്രദ്ധ മാറുന്ന പുതിയ പ്രവണതകളും ജില്ലയിൽ ദൃശ്യമാകുന്നു. കണ്ണൂരിലെ നിയമപാലകർക്ക് ഇവരോടുള്ള വിധേയത്വം വ്യക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയുടെയും കൂട്ടരുടെയും പൊതുസ്ഥലത്തെ മദ്യപാന വിഷയത്തിൽ പൊലീസിന്റെ പ്രതികരണവും അത് തെളിയിക്കുന്നതാണ്. വ്യക്തമായ തെളിവുകളുണ്ടായിട്ടും കേസെടുക്കാൻ കഴിയില്ലെന്ന വാദം നിയമപാലകരുടെ നിഷ്പക്ഷതയെ സംശയത്തിലാക്കുന്നു.
സിസി.ടി.വി ദൃശ്യങ്ങളുണ്ടായിട്ടും, പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടും, പ്രതികൾക്കെതിരെ നടപടിയെടുക്കാൻ തലശ്ശേരി പൊലീസിന്റെ മടി വിചിത്രമാണ്. ഇത് കേരളത്തിലെ പൊലീസ് വ്യവസ്ഥയുടെ സ്വതന്ത്രതയെയും നിഷ്പക്ഷതയെയും കുറിച്ച് ഗൗരവമായ ചോദ്യങ്ങളുയർത്തുന്നു.
ജയിൽ വ്യവസ്ഥയിലെ
വൈരുദ്ധ്യങ്ങൾ
കണ്ണൂർ സെൻട്രൽ ജയിലിൽ ടി.പി. കേസ് പ്രതികൾക്ക് അനുവദിക്കുന്ന പ്രത്യേക പരിഗണനകൾ ജയിൽ അച്ചടക്കത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. സാധാരണ തടവുകാർക്ക് ലഭിക്കാത്ത സൗകര്യങ്ങളായ ഇഷ്ടമുള്ള ഭക്ഷണം, മൊബൈൽ ഫോൺ, പ്രിയപ്പെട്ട ബ്ലോക്ക് ഉൾപ്പെടെ ഇവർക്ക് എങ്ങനെ ലഭ്യമാകുന്നു എന്നതും അന്വേഷിക്കേണ്ടതാണ്.
കൊടി സുനിക്ക് ഏഴ് മാസത്തിനിടെ അറുപത് ദിവസത്തെ പരോൾ അനുവദിച്ചതും, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി റിപ്പോർട്ടുണ്ടായിട്ടും തുടർച്ചയായി പരോൾ നൽകിയതും ജയിൽ ഭരണകൂടത്തിന്റെ പക്ഷപാതിത്വം വെളിപ്പെടുത്തുന്നു.
ക്വട്ടേഷൻ സംഘങ്ങളുടെ പുതിയ മുഖം
കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ പുതിയ അദ്ധ്യായം ക്വട്ടേഷൻ സംഘങ്ങളുടെ പ്രവർത്തന രീതിയിൽ കാണാം. ഹവാല പണം തട്ടിയെടുക്കൽ, സ്വർണം പൊട്ടിക്കൽ, ചൂതാട്ട കേന്ദ്രങ്ങൾക്ക് സംരക്ഷണം, മദ്ധ്യസ്ഥം എന്നിവയിലേക്ക് ശ്രദ്ധ മാറിയിരിക്കുന്നു. പരമ്പരാഗത രാഷ്ട്രീയ കൊലപാതകങ്ങൾ കുറഞ്ഞതോടെ, സാമ്പത്തിക നേട്ടത്തിനായുള്ള കുറ്റകൃത്യങ്ങളിലേക്ക് ഈ സംഘങ്ങൾ തിരിഞ്ഞിരിക്കുന്നു.
ചേരിപ്പോരും കുടിപ്പകയും
കൊടി സുനിയുടെ മദ്യപാന വിവരം പുറത്തുവിട്ടത് എതിർ സംഘത്തിലെ അംഗങ്ങളെന്നാണ് സൂചന. ജയിലിൽനിന്ന് എല്ലാം നിയന്ത്രിക്കുന്ന കൊടി സുനിക്കെതിരെ പാർട്ടിയിലെ തന്നെ ഒരു വിഭാഗം സജീവമാകുന്നു എന്നത് കണ്ണൂരിലെ ക്വട്ടേഷൻ രാഷ്ട്രീയത്തിലെ സങ്കീർണതകൾ സൂചിപ്പിക്കുന്നു.
കൊടി സുനിയും സംഘവും കോടതിയിൽ ഹാജരായി മടങ്ങുന്നതിനിടെ പൊലീസ് സാന്നിദ്ധ്യത്തിൽ മദ്യപിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ജൂൺ 17 ന് തലശ്ശേരി കോടതിയിൽ ഹാജരാക്കിയ കൊടി സുനി ടി.പി കേസിലെ മറ്റ് പ്രതികളായ മുഹമ്മദ്, ഷാഫി, ഷിനോജ് എന്നിവർക്കൊപ്പം മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഇതേത്തുടർന്ന് മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.
ഈ വിവാദം കത്തിനിൽക്കെ ജൂലായ് 10ന് തലശ്ശേരി വിക്ടോറിയ ഹോട്ടലിന്റെ മുറ്റത്തു വച്ച് മദ്യപിക്കുന്ന ദൃശ്യങ്ങളും പുതുതായി പുറത്തുവന്നു. ന്യൂമാഹി ഇരട്ടക്കൊലക്കേസ് വിചാരണയ്ക്കായിരുന്നു അന്നും കൊടി സുനിയെ കോടതിയിലെത്തിച്ചത്. പ്രതിഭാഗം സാക്ഷികളുടെ വിചാരണയായിരുന്നു അന്ന്. എന്നാൽ സാക്ഷികൾ ഹാജരാകാത്തതിനാൽ മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിവച്ചതിനെത്തുടർന്ന് കൊടി സുനിയെ സെൻട്രൽ ജയിലിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോകുന്നതിനിടെയാണ് കോടതിയുടെ എതിർവശമുള്ള വിക്ടോറിയ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയത്. അവിടെ വച്ച് സുഹൃത്തുക്കൾ കൊണ്ടുവന്ന മദ്യം ഇവർ കഴിക്കുകയായിരുന്നു. ഈ സംഭവത്തിലും പൊലീസ് രഹസ്യമായി അന്വേഷണം നടത്തുന്നുണ്ടെന്നാണ് സൂചന.
ധാർമികതയെക്കുറിച്ചുള്ള ചോദ്യങ്ങൾ
ബി.ജെ.പി. നേതാവ് സി. സദാനന്ദന്റെ കാൽവെട്ടിയ കേസിലെ പ്രതികൾക്ക് മുൻ മന്ത്രി കെ.കെ. ശൈലജ ഉൾപ്പെടെയുള്ള നേതാക്കൾ നൽകിയ യാത്രയയപ്പ്, കുറ്റകൃത്യങ്ങളോടുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. മുദ്രാവാക്യം വിളിച്ചുകൊണ്ടുള്ള അഭിവാദ്യവും ജയിൽ പ്രവേശനവും സമൂഹത്തിന് നൽകുന്ന സന്ദേശം ആശങ്കാജനകമാണ്.
നാട്ടിലെ നന്മയ്ക്കായി പ്രവർത്തിക്കുന്നവർ എന്നാണ് കുറ്റവാളികളെ ന്യായീകരിക്കാൻ കെ.കെ. ശൈലജ ഉപയോഗിച്ച പദം. പ്രതികളുടെ യാത്രയയപ്പ് വിവാദത്തിൽ മുൻമന്ത്രി കെ.കെ. ശൈലജയെ പിന്തുണച്ച് മുതിർന്ന സി.പി.എം. നേതാവ് പി. ജയരാജനും നിലപാട് വ്യക്തമാക്കി. സി.പി.എം നേതാക്കൾ അതിൽ പങ്കെടുത്തതിൽ തെറ്റില്ല. സമയം കിട്ടാത്തത് കൊണ്ടാണ് താൻ പോകാത്തിരുന്നതെന്നും ജയിലിൽ പോയി അവരെ കാണുമെന്നും പി. ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപകടസാദ്ധ്യതകൾ
തലശ്ശേരി പൊലീസ് സ്റ്റേഷൻ കൊടി സുനിയുടെ നിയന്ത്രണത്തിലാണെന്ന വാദം സാധാരണ ജനങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ട്. ഇത് വെറും അഭ്യൂഹമായാലും, നിയമപാലകരുടെ പ്രവർത്തനങ്ങൾ ഇത്തരം സംശയങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. അക്രമവും കുറ്റകൃത്യങ്ങളും സാധാരണവത്ക്കരിക്കപ്പെടുന്ന സാമൂഹിക അന്തരീക്ഷം കണ്ണൂരിന്റെ മനസിൽ ഭയം സൃഷ്ടിക്കുന്നു. നിയമങ്ങളെ അവഗണിക്കുകയും അക്രമത്തിലൂടെ പ്രശ്നപരിഹാരം നടത്തുകയും ചെയ്യുന്ന മാതൃകകൾ ഭാവി തലമുറയുടെ മൂല്യബോധത്തെ നശിപ്പിക്കുന്നു. കൊലപാതകികൾക്ക് വീരപ്രശംസ നേടിക്കൊടുക്കുന്ന സാഹചര്യം നീതിന്യായ വ്യവസ്ഥയിലുള്ള ജനവിശ്വാസത്തെയാണ് ഇല്ലാതാക്കുന്നത്.
സി. സദാനന്ദൻ പറയുന്നു, ആയുധങ്ങൾ വേണ്ട
''31 വർഷം മുമ്പുള്ള ഒരു രാത്രിയാണ് എന്റെ ഇരുകാലുകളും മുട്ടിനു കീഴെ അറുത്തുമാറ്റി കൊല്ലാക്കാെല ചെയ്തത്. അന്ന് 30വയസുള്ള സ്കൂൾ അദ്ധ്യാപകനായിരുന്നു. ഇളയ സഹോദരിയുടെ നിശ്ചയിച്ച വിവാഹക്കാര്യം കൂത്തുപറമ്പിനടുത്ത് ആയിത്തറ മമ്പറത്തുള്ള അമ്മാവനുമായി സംസാരിച്ച് തിരികെ വരുമ്പോഴാണ് ആക്രമിക്കപ്പെടുന്നത്. എന്താണ് സംഭവിക്കുന്നതെനിക്ക് മനസിലായില്ല. കാലിന് വാളുകൊണ്ടും മഴുകൊണ്ടുമുള്ള ആദ്യ വെട്ടുകൾ ഏൽക്കുമ്പോൾ മാത്രം വിവരിക്കാനാവാത്ത കൊടിയ വേദന ഞാനറിഞ്ഞു. ശരീരം തളരുന്നുണ്ടായിരുന്നു... മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചു. പറ്റാതെ ഞാൻ റോഡിൽതന്നെ വീണു. എന്നാലും ആയാസപ്പെട്ട് എണീറ്റിരുന്നു. അപ്പോഴാണ് കാണുന്നത്, മുട്ടിനു താഴെ ശൂന്യം.... നിലവിളിച്ചുപോയി....
ചുറ്റിലും ഭീതിയോടെ നോക്കി. ചോരത്തളമല്ലാതെ മറ്റൊന്നും കണ്ടില്ല. മൂന്നു ദശാബ്ദക്കാലം പിന്നിട്ടപ്പോഴാണ് കുറ്റവാളികൾ ശിക്ഷ ഏറ്റുവാങ്ങിയത്. ഇത് കേസുകളുടെ ചരിത്രത്തിൽ ഒരു പക്ഷേ അപൂർവമായിരിക്കും. മറ്റൊന്നു കൂടിയുണ്ട്. രാജ്യസഭാംഗമായി ഞാൻ നിയോഗിക്കപ്പെടുന്നതും എന്നെ ക്രൂരമായി ആക്രമിച്ചവരുടെ തടവറ പ്രവേശനവും ഒരേ സമയത്ത് സംഭവിച്ചിരിക്കുന്നു...
കാലം മാറി. ആളുകൾ എല്ലാമറിയുന്നുണ്ട്. സി.പി.എം പ്രാകൃത ചിന്തകളുടെ തടവറയിലാണ്. അതിൽ നിന്ന് ആദ്യം പുറത്തുകടക്കുക. അണികളെയും അതിനനുവദിക്കുക. നമുക്ക് ആശയങ്ങൾക്കൊണ്ട് മത്സരിക്കാം. ആയുധങ്ങൾ വേണ്ട.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |