കൊല്ലം: ഇല്ലായ്മകളുടെ സങ്കടക്കൂരയിൽ ആകെയുണ്ടായിരുന്ന പ്രതീക്ഷയാണ് ശ്രീക്കുട്ടിയുടെ മരണത്തോടെ ഞൊടിയിടയിൽ അസ്തമിച്ചത്. പനവേലി ജംഗ്ഷനു സമീപത്തെ കനാലിനോട് ചേർന്നുള്ള ചരുവിള വീട്ടിൽ വിശ്വംഭരൻ-കൗസല്യ ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയവളാണ് ശ്രീക്കുട്ടി.
സ്വന്തമായി ഒരു സെന്റ് ഭൂമി പോലും ഇല്ലാത്ത കുടുംബം ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഇടിഞ്ഞുപൊളിഞ്ഞ കൂരയിലാണ് പതിറ്റാണ്ടുകളായി താമസിക്കുന്നത്. രണ്ടു പെൺമക്കളെയും പഠിപ്പിക്കാനായി പെടാപ്പാടുപെടുന്നതിനിടയിൽ കോൺക്രീറ്റ് പണിക്കാരനായ വിശ്വംഭരൻ തട്ടിന്റെ മുകളിൽ നിന്ന് വീണ് കിടപ്പിലായി. പിന്നെ ജോലിക്കു പോകാനായില്ല. ഭാര്യ കൗസല്യയും രോഗിയാണ്. മൂത്ത മകൾ വിവാഹിതയായതോടെ ശ്രീക്കുട്ടിക്കായി കുടുംബഭാരം.
നഴ്സിംഗ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് ശ്രീക്കുട്ടി കൊട്ടാരക്കരയിലെ ബേക്കറിയിൽ ബില്ലിംഗ് സ്റ്റാഫായി ജോലിക്ക് കയറിയത്. ചെറിയ വരുമാനത്തിലും മാതാപിതാക്കളുടെ മരുന്നും ആഹാരവും മുടക്കാതെ ശ്രദ്ധിച്ചു.
സ്വന്തമായി ഒരു വീടെന്ന മോഹം പൂവണിയുന്നതിന്റെ സന്തോഷത്തിലായിരുന്നു അവൾ. വെട്ടിക്കവല പഞ്ചായത്തിൽ നിന്ന് ലൈഫ് ഭവന പദ്ധതിയിൽ ഭൂമിയും വീടും അനുവദിച്ചു. വീടുപണി നടന്നുവരികയാണ്. പഞ്ചായത്തിൽ നിന്ന് കിട്ടിയത് കൂടാതെ കടംവാങ്ങിയും ചിട്ടിപിടിച്ചതുമൊക്കെ ചേർന്ന് കോൺക്രീറ്റ് ഉൾപ്പടെ പൂർത്തിയാക്കി. ഓണത്തിനു മുന്നേ പാലുകാച്ചൽ നടത്തി താമസം മാറാമെന്ന ചിന്തയിലായിരുന്നു.
ഒരു വീടിന്റെ മാത്രമല്ല, നാടിന്റെ നോവായി ശ്രീക്കുട്ടി മാറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |