തലശ്ശേരി: ബുധനാഴ്ച രാത്രി അന്തരിച്ച ,മലയാളം,കന്നഡ,തമിഴ്,തെലുങ്ക് ചതുർഭാഷാ നിഘണ്ടു നിർമ്മാണത്തിലൂടെ പ്രശസ്തനായ തലശ്ശേരി തിരുവങ്ങാട് പപ്പന്റെ പീടികയ്ക്ക് സമീപം ഞാറ്റ്വേല ശ്രീധരന് (87)നാടിന്റെ അന്ത്യാഞ്ജലി. രാവിലെ 8 മുതൽ വൈകിട്ട് 4 വരെ കോടിയേരി ഓണിയൻ സ്‌കൂളിന് സമീപത്തെ മകന്റെ വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നാടിന്റെ നാനാദിക്കുകളിൽ നിന്നുള്ള നൂറുകണക്കിനാളുകൾ ആദരാഞ്ജലികൾ അർപ്പിച്ചു.
നാലാം തരത്തിൽ പഠനം നിറുത്തി ജീവിതവൃത്തിക്കായി ബീഡി തെറുപ്പുകാരനായ ഞാറ്റ്യേല ശ്രീധരൻ നാല് തെന്നിന്ത്യൻ ഭാഷകളിലെ പദങ്ങളെ പരിചയപ്പെടുത്തുന്ന നിഘണ്ടു നിർമ്മിച്ചാണ് ചരിത്രത്തിൽ ഇടം നേടിയത്. ജീവിതത്തിന്റെ വലിയൊരു സമയം ഇതിനായി നീക്കി വച്ച ഇദ്ദേഹം ദക്ഷിണേന്ത്യയിലൂടെ ഏറെക്കാലം സഞ്ചരിച്ചാണ് നാല് ഭാഷകളിലെ വമ്പൻ പദസമ്പത്ത് സ്വന്തമാക്കിയത്. ലക്ഷത്തിൽപ്പരം വാക്കുകൾ ഉൾപ്പെട്ട 860 പേജുള്ള നിഘണ്ടു 2023 മേയ് 19ന് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ചതുർദ്രാവിഡ ഭാഷാ പദപരിചയം എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് മുമ്പ് തമിഴ് മലയാളം നിഘണ്ഡുവും അദ്ദേഹം പുറത്തിറക്കിയിരുന്നു. ജീവിതാനുഭവങ്ങളടങ്ങിയ ഓർമ്മകളുടെ തിറയാട്ടം എന്ന കൃതിയും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.
സർക്കാർ സാക്ഷരതായജ്ഞം തുടങ്ങുന്നതിനും മുമ്പ് സാക്ഷരതാ പ്രവർത്തകനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കഥയും കവിതയും ചരിത്ര നിരൂപണങ്ങളും യാത്രാക്കുറിപ്പുകളുമൊക്കെയായി ആനുകാലികളിലും എഴുതിയിട്ടുണ്ട്. മലയാള ഭാഷാ ലിപി പരിഷ്ക്കരണ വേളയിലും ഞാറ്റ്യേല ശ്രീധരന്റെ സേവനം സർക്കാർ ഉപയോഗപ്പെടുത്തിയിരുന്നു.മലയാളം ,തമിഴ്,തെലുങ്ക്, കന്നഡ ഭാഷകളിൽ ഒരു പോലെ പ്രാവീണ്യമുണ്ടായിരുന്നു.ഞാറ്റ്യേല ശ്രീധരന്റെ നിര്യാണത്തിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ അനുശോചിച്ചു. കണ്ടിക്കൽ നിദ്രാ തീരത്ത് ചടങ്ങുകളൊന്നുമില്ലാതെയായിരുന്നു സംസ്ക്കാരം.ഭാര്യ: യശോദ, മക്കൾ: ശ്രീവത്സൻ, ശ്രീധന്യൻ (എക്സിക്യൂട്ടീവ് ഡയറക്ടർ ഐ.ഐ.എച്ച്.ടി കണ്ണൂർ), ശ്രീജ, ശ്രീ ദയൻ (എസ്.ഡി ഇന്റസ്ട്രീസ്, കണ്ണൂർ). മരുമക്കൾ: ഷിജ, സ്മിത, സതീശൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |