തിരുവനന്തപുരം: ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന ഉപദേശക സമിതിയുടെയും സുപ്രീംകോടതി നിർദ്ദേശപ്രകാരം രൂപീകൃതമായിട്ടുളള ഭരണസമിതിയുടെയും സംയുക്തയോഗത്തിലാണ് ബി നിലവറ വീണ്ടും ചർച്ചയായത്. ഇപ്പോഴിതാ പ്രിൻസ് ആദിത്യവർമ്മ ബി നിലവറയെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം സുപ്രീംകോടതി വിധിയെക്കുറിച്ചും ക്ഷേത്രത്തെക്കുറിച്ചും പറഞ്ഞത്.
'സുപ്രീംകോടതി വിധി വന്നതിനുശേഷമാണ് നിലവറകൾക്കുളളിൽ എന്താണ് ഉള്ളതെന്നറിയാൻ രാജകുടുംബാംഗങ്ങൾക്കുവരെ സാധിച്ചത്. നിലവറയ്ക്കുളളിൽ എന്തൊക്കെ സാധനങ്ങൾ ഉണ്ടെന്നുമാത്രമേ അന്ന് പരിശോധിച്ചിട്ടുളളൂ. അവയുടെ കൃത്യമായ മൂല്യം എത്രയാണെന്ന് പരിശോധിച്ചിട്ടില്ല. പതിനെട്ടടി നീളമുളള ശർപ്പൊലി മാലയും 1314ൽ പ്രചാരത്തിലുണ്ടായിരുന്നു നാണയങ്ങളും ഉണ്ടായിരുന്നു. രത്നങ്ങളും ആഭരണങ്ങളും കണ്ടപ്പോൾ ഞെട്ടലൊന്നും ഉണ്ടായിരുന്നില്ല. അത് രൂപകൽപ്പന ചെയ്തിരിക്കുന്നവരുടെ കഴിവോർത്താണ് ഞാൻ അത്ഭുതപ്പെട്ടത്.
നിലവിറയ്ക്കുളളിലെ സാധനങ്ങൾ സ്റ്റീൽപ്പെട്ടിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൂന്ന് മാസത്തിലൊരിക്കൽ തുറന്ന് പരിശോധിക്കാറുണ്ട്. ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലുളള സാധനങ്ങളും നിലവറയ്ക്കുളളിലുണ്ടായിരുന്നു. സ്വർണത്തിൽ നിർമിച്ച ചിരട്ടയാണ് കൗതുകമായി തോന്നിയത്. പാമ്പിന്റെ ചിത്രത്തിലുളള സ്വർണപൂട്ടുണ്ടെന്ന് പലരും പറയുന്നുണ്ട്. അതൊക്കെ വ്യാജപ്രചാരണങ്ങൾ മാത്രമാണ്. എ നിലവറയുടെ ഭിത്തിയിൽ കല്ലിൽ പാമ്പിന്റെ രൂപം കൊത്തിവച്ചിട്ടുണ്ട്. ബി നിലവറയിൽ അഗസ്ത്യ മുനിയുടെ സമാധിയുണ്ടെന്നും അത് തുരങ്കം പോലെ പ്രധാന ശ്രീകോവിലിലേക്കാണ് പോകുന്നതെന്നൊക്കെ പറയുന്നുണ്ട്. പുരാണത്തിൽ അഗസ്ത്യ മുനിയുടെ സമാധി ബി നിലവറയിലാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അതൊന്നും തളളിക്കളയാൻ കഴിയില്ലല്ലോ?'- ആദിത്യവർമ്മ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |