മലപ്പുറം: നേന്ത്രക്കുല വില കുത്തനെയിടിഞ്ഞത് ഓണ വിപണിയിൽ കർഷകർക്ക് തിരിച്ചടിയാകും. ഒരു വർഷമായി നിലനിന്ന മോഹവില ഏതാനും ആഴ്ചകൾക്കുള്ളിലാണ് കുത്തനെയിടിഞ്ഞത്. കിലോക്ക് അറുപത് രൂപ ലഭിച്ചിരുന്ന പച്ചക്കായയുടെ ഇന്നത്തെ വില മുപ്പത് രൂപയിലെത്തി. മുന്തിയ വില ലഭിക്കുന്ന സാഹചര്യത്തിൽ ഓണവിപണി ലക്ഷ്യമാക്കി കർഷകർ വൻതോതിൽ കൃഷിയിറക്കിയിരുന്നു.എന്നാൽ വില ദിനം പ്രതി താഴുന്നതിൽ കടുത്ത നിരാശയിലാണ് കർഷകർ.
അന്യ സംസ്ഥാന ലോബിയാണ് വിലകുറയ്ക്കുന്നതിന്റെ പിന്നിൽ. കൂടിയ തോതിൽ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഴക്കുലയാണ് കേരളത്തിൽ വില കുറയാൻ ഇടയാക്കുന്നത്.മോഹവിലയിൽ പ്രതീക്ഷർപ്പിച്ച് ബാങ്കുകളിൽ നിന്ന് ലോണെടുത്തും മറ്റുമാർഗ്ഗങ്ങളിൽ നിന്നും പണം കണ്ടെത്തിയുമാണ് കർഷകർ കൃഷിയിറക്കിയത്. അതിനിടെ മൂന്നു മാസമായി തോരാത്ത കാറ്റും മഴയും സംസ്ഥാനത്ത് വാഴ കൃഷിക്ക് കനത്ത നഷ്ടമുണ്ടാക്കുകയും ചെയ്തു.ഇതു കാരണം സംസ്ഥാനത്ത് ഉത്പ്പാദിപ്പിക്കുന്ന നേന്ത്രക്കുലകൾക്ക് കറുത്ത കുത്തുകൾ രൂപപ്പെടുകയും കുല രണ്ടാം നിരയിലേക്ക് തള്ളപ്പെടുകയും ചെയ്തു.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വാഴക്കുല വ്യാപാരികൾ മൂന്നു തരമാക്കി തിരിച്ചാണ് കർഷകരിൽ നിന്ന് തൂക്കിയെടുക്കുന്നത്. ഓണ വിപണി ലക്ഷ്യമാക്കി അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഇനിയും ധാരാളം വാഴക്കുലകൾ എത്തുമെന്നാണ് നിഗമനം.ഇതോടെ സംസ്ഥാനത്തെ കർഷകർക്ക് ഇനിയും വിലയിടിവിന് കാരണമാകും.
തറവില വേണം
സംസ്ഥാനത്ത് നേന്ത്രക്കുലയ്ക്ക് 35 രൂപയെങ്കിലും തറവില നിശ്ചയിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
പ്രകൃതിക്ഷോഭത്തിൽ ആയിരക്കണക്കിന് വാഴകളാണ് കഴിഞ്ഞ മാസം മാത്രം സംസ്ഥാനത്ത് നശിച്ചത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പ്രകൃതി ക്ഷോഭത്തിൽ നശിച്ച കൃഷിക്കുള്ള നഷ്ടപരിഹാരവും ആർക്കും ലഭിച്ചിട്ടില്ല.
വിള ഇൻഷ്വർ ചെയ്തവർക്ക് പോലും രണ്ടും മൂന്നും വർഷം കഴിഞ്ഞാൽ മാത്രമേ നഷ്ടപരിഹാരം ലഭിക്കുന്നുള്ളു.
കാണാൻ ഭംഗിയുള്ളതും എന്നാൽ മേന്മ കുറഞ്ഞതുമായ വാഴക്കുലകളാണ് പുറത്ത് നിന്നു വരുന്നത്.
സംസ്ഥാനത്തെ ചിപ്സ് നിർമ്മാതാക്കളും മറ്റും അന്യ സംസ്ഥാന നേന്ത്രക്കുലയാണ് കൂടുതലും ഉപയോഗിക്കുന്നത്.
ഇപ്പോഴത്തെ നില തുടർന്നാൽ അടുത്ത മാസത്തോടെ വില 20 രൂപയിലേക്കെത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |