തിരുവനന്തപുരം: മുറിയിൽ നിന്ന് പെട്ടികൾ കണ്ടെത്തിയതിൽ അസ്വാഭാവികതയുണ്ടെന്ന മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.പി കെ ജബ്ബാറിന്റെയും സൂപ്രണ്ട് ഡോ.സുനിൽ കുമാറിന്റെയും ആരോപണത്തിൽ വിശദീകരണവുമായി ഡോ.ഹാരിസ് ചിറക്കൽ. തകരാർ പരിഹരിക്കുന്നതിനായി അയച്ച് തിരികെക്കൊണ്ടുവന്ന നെഫ്രോസ്‌കോപ്പ് ആണ് മുറിയിലെ പെട്ടിയിൽ ഉണ്ടായിരുന്നതെന്നും പണം ഇല്ലാത്തതിനാലാണ് ഉപകരണം തിരികെ ആവശ്യപ്പെട്ടതെന്നും ഡോക്‌ടർ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സൂപ്രണ്ടും നടത്തിയ വാർത്താസമ്മേളനത്തിന് പിന്നാലെയാണ് ഡോ.ഹാരിസിന്റെ വിശദീകരണം.
മെഡിക്കൽ ഓഫീസർമാരുടെ സമൂഹമാദ്ധ്യമ ഗ്രൂപ്പിലാണ് ഡോ.ഹാരിസ് വാർത്താസമ്മേളനത്തിലെ വാദങ്ങളിൽ മറുപടി നൽകിയത്. കേടായ നെഫ്രോസ്‌കോപ്പിന്റെ തകരാർ പരിഹരിക്കുന്നതിനായി കൊച്ചിയിലേയ്ക്ക് അയച്ചിരുന്നു. അതാണ് തിരിച്ചെത്തിയത്. 10-15 വർഷങ്ങൾ പഴക്കമുള്ള നെഫ്രോസ്‌കോപ്പുകൾ കണ്ടം ചെയ്യുന്നതിന് മുൻപ് ഏതെങ്കിലും തരത്തിൽ നന്നാക്കിയെടുക്കാൻ പറ്റുമോയെന്നറിയാൻ വേണ്ടിയാണ് രണ്ടുമാസം മുൻപ് എറണാകുളത്തെ കമ്പനിയിലേയ്ക്ക് അയച്ചത്. ഇതായിരിക്കാം പരിശോധനയിൽ കണ്ടതെന്നാണ് ഡോ.ഹാരിസ് പറയുന്നത്.
തന്റെ മുറി വേറൊരു താഴിട്ട് പൂട്ടിയെന്നും തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ബോധപൂർവ്വം ശ്രമിക്കുകയാണെന്നുമുള്ള ഡോ. ഹാരിസിന്റെ ആരോപണത്തിന് മറുപടിയുമായാണ് ഡോ.ജബ്ബാർ വാർത്താസമ്മേളനം വിളിച്ചുചേർത്തത്.
യൂറോളജി വിഭാഗത്തിൽ ഒരു ഉപകരണം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയിരുന്നുവെന്ന് ഡോ.ജബ്ബാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ശനിയാഴ്‌ച ഡിഎംഇയുടെ നേതൃത്വത്തിൽ പലയിടത്തും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. വകുപ്പ് മേധാവിയായ ഡോ.ഹാരിസിന്റെ മുറിയും പരിശോധിക്കണമെന്ന് പറഞ്ഞതനുസരിച്ച് യൂറോളജി വിഭാഗത്തിലെ ഡോ. ടോണിയുടെ സാന്നിദ്ധ്യത്തിൽ അവിടെ പരിശോധിച്ചു. ടോണിയിൽ നിന്നാണ് മുറിയുടെ താക്കോൽ വാങ്ങിയത്.
ഒരു പെട്ടിയിൽ മോസിലോസ്‌കോപ്പ് എന്ന ഉപകരണം ഡോ.ടോണി കാട്ടിത്തന്നു. വിശദ പരിശോധന വേണമെന്ന് തോന്നിയതിനാൽ ഇന്നലെ വീണ്ടും ഡോ.ഹാരിസിന്റെ ഓഫീസിലെത്തി. ഡിഎംഇ അടക്കുമുള്ളവർ ഒപ്പമുണ്ടായിരുന്നു. തലേന്ന് കണ്ട ചെറിയ പെട്ടിക്കൊപ്പം ഒരു വലിയ പെട്ടിയും അവിടെയുണ്ടായിരുന്നു. തലേദിവസം അതുണ്ടായിരുന്നില്ല. അതിൽ ചില ബില്ലുകളുമുണ്ടായിരുന്നു. ഓഗസ്റ്റ് രണ്ടിന് മോസിലോസ്‌കോപ്പ് വാങ്ങിയതിന്റെ ബില്ലായിരുന്നു അത്. മറ്റൊരു പെട്ടിയിൽ നെഫ്രോസ്‌കോപ്പ് എന്ന ഉപകരണവും കണ്ടു. അസ്വാഭാവികത തോന്നിയതിനാലാണ് കൂടുതൽ പരിശോധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകാൻ തീരുമാനിച്ചതെന്നും ഡോ.ജബ്ബാർ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |