ന്യൂഡൽഹി: രാജ്യമെമ്പാടും സ്ഥാപിക്കുന്ന നീരീക്ഷണ കാമറകളിലൂടെ പൗരൻമാരുടെ മുഖം തിരിച്ചറിയാനുള്ള സംവിധാനം സ്ഥാപിക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. മുഖം തിരിച്ചറിയുന്ന കേന്ദ്രീകൃത സംവിധാനം വികസിപ്പിക്കാനുള്ള നടപടികൾക്ക് കേന്ദ്രസർക്കാർ അടുത്തമാസം തുടക്കമിടുമെന്ന് അന്താരാഷ്ട്ര മാദ്ധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. പൊതുസ്ഥലങ്ങങളിൽ സ്ഥാപിക്കുന്ന നിരീക്ഷണ കാമറകളിൽ ഉപയോഗിക്കാവുന്ന സാങ്കേതിക സംവിധാനം വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ചൈനീസ് മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്.
പൗരൻമാരുടെ പാസ്‌പോർട്ട് വിവരങ്ങൾ, കുറ്റവാളികൾ, കാണാതായവർ, അജ്ഞാത മൃദേഹങ്ങൾ തുടങ്ങിയവയുൾപ്പെടെയുള്ള ഡേറ്റാബാങ്കുമായി പുതിയ സംവിധാനം ബന്ധിപ്പിക്കും പദ്ധതി നടപ്പാകുന്നതോടെ രാജ്യത്തെ മുഴുവൻ പൗരന്മാരും സർക്കാരിന്റെ നിരീക്ഷണത്തിൻകീഴിലാകും. മുഖം പ്ലാസ്റ്റിക് സർജറി നടത്തി മാറ്റിയവരെപ്പോലും തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഒരുക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് വിവരങ്ങൾ.
ഇന്ത്യയിലെ പൊലീസ് സംവിധാനം ശക്തിപ്പെടുത്താണ് ഈ നീക്കമെന്നാണ് വിശദീകരണം. എന്നാൽ രാജ്യത്ത് നടപ്പാക്കിയ ആധാർ സംവിധാനത്തിൽ നിന്ന് ഡാറ്റകൾ ചോരുന്നതായുള്ള ആരോപണങ്ങൾക്കിടെ പദ്ധതി നടപ്പാക്കുന്നത് വ്യാപകമായ എതിർപ്പിനിടയാക്കുമെന്ന് ആശങ്കയുണ്ട്. ഡാറ്റകൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള സുരക്ഷിതത്വം സജ്ജമാക്കുന്നതിൽ ഇപ്പോഴും വളരെ പിന്നിലാണെന്നത് പദ്ധതിയുടെ നടപ്പിന് ഭീഷണിയാകും.
പുതിയ ഡേറ്റാ സംരക്ഷണ നിയമം ഇതുവരെയും പാർലമെന്റിലോ മന്ത്റിസഭയുടെയോ പരിഗണനയിൽ വന്നിട്ടുമില്ല.
അതേസമയം കുറ്റകൃത്യങ്ങൾ നേരിടാൻ ഇത് സഹായിക്കുമെന്നാണ് സുരക്ഷാ സേനകളുടെ വിലയിരുത്തൽ. ആഭ്യന്തര സുരക്ഷയ്ക്കും ലഹരിമരുന്ന് കടത്തുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കും നിയന്ത്റണം കൊണ്ടുവരാൻ ഇതിലൂടെ കഴിയുമെന്ന് സൈനികവൃത്തങ്ങൾ പറയുന്നു,
പദ്ധതി ഏറ്റെടുത്ത് നടത്താൻ ഏത് കമ്പനി മുന്നോട്ടുവരുമെന്നതാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |