ബംഗളൂരു: രോഗാവസ്ഥ കാരണം അവധി ചോദിച്ച ബാങ്ക് ജീവനക്കാരനോട് ബംഗളൂരുവിലെ ബ്രാഞ്ച് മാനേജർ കാട്ടിയ ക്രൂരതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കടുത്ത വേദനയുണ്ടെന്നും ജോലിക്ക് ഹാജരാകാൻ കഴിയില്ലെന്നും അറിയിച്ച ജീവനക്കാരന് പിന്തുണ നൽകുന്നതിനു പകരം മാനേജർ ശകാരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാരനും മാനേജരും തമ്മിലുള്ള വാട്സ്ആപ്പ് സംഭാഷണമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
കടുത്ത വേദനയുണ്ടാക്കുന്ന രോഗാവസ്ഥ (പൈൽസ്/ഫിഷർ പോലുള്ളവ) കാരണം ജോലിക്ക് ഹാജരാകാൻ കഴിയില്ലെന്ന് ജീവനക്കാരൻ തന്റെ മാനേജരെ അറിയിക്കുകയായിരുന്നു. ഡോക്ടറുടെ കുറിപ്പും മരുന്നുകളുടെ ലിസ്റ്റും സഹിതം അദ്ദേഹം മെഡിക്കൽ ലീവ് ആവശ്യപ്പെട്ടു. തനിക്ക് അധിക നേരം ഇരിക്കാനോ നിൽക്കാനോ കഴിയില്ല. ദയവായി ഇന്ന് മെഡിക്കൽ ലീവ് അനുവദിക്കണമെന്നാണ് ജീവനക്കാരൻ ആദ്യം വാട്സ്ആപ്പ് സന്ദേശം അയച്ചത്. മറുപടി ലഭിക്കാത്തതിനെ തുടർന്ന് തന്റെ അവസ്ഥ ഇപ്പോഴും നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ, ജീവനക്കാരന് പിന്തുണ നൽകുന്നതിനു പകരം ശകാരമാണ് മാനേജരിൽ നിന്ന് ലഭിച്ചത്. നിന്നെ ആരാണ് അച്ചടക്കം പഠിപ്പിച്ചതെന്ന് ചോദിച്ച് മാനേജർ ജീവനക്കാരന് അച്ചടക്കമില്ലെന്ന് പറഞ്ഞു. നീ അവധി ചോദിച്ച സമയം നോക്കൂ. രണ്ട് ദിവസത്തെ ശമ്പളം കട്ടാക്കികൊണ്ടള്ള അവധിയായി ഇത് കണക്കാക്കുമെന്നും മാനേജർ കൂട്ടിച്ചേർത്തു. ഇതിന് മറുപടിയായി തന്റെ സാഹചര്യം മനസിലാക്കണമെന്ന് അഭ്യർഥിച്ച് ജീവനക്കാരൻ ക്ഷമാപണം നടത്തുകയും ചെയ്തു. 'സർ എന്റെ സാഹചര്യം മനസിലാക്കണം. ഞാൻ മെഡിക്കൽ ലീവാണ് ചോദിക്കുന്നത്. എന്റെ ആരോഗ്യപ്രശ്നം കാരണം ഓഫീസിൽ വരാൻ കഴിയില്ലെന്ന് നേരത്തെ അറിയിക്കാത്തതിൽ ക്ഷമ ചോദിക്കുന്നു.' ജീവനക്കാരൻ ക്ഷമ ചോദിച്ചതിന് പിന്നാലെ മാനേജരുടെ പ്രതികരണം കൂടുതൽ രൂക്ഷമായി. നിന്റെ ജോലി ആരാണ് ചെയ്യുക? ഉത്തരവാദിത്തത്തിൽ നിന്ന് എത്രത്തോളം ഒളിച്ചോടുന്നുവോ അത്രത്തോളം പ്രശ്നങ്ങൾ കൂടും. ആദ്യത്തെ 10 ദിവസത്തെ കാര്യം നോക്കിയാൽ നീ ജോലിയോട് ഒട്ടും കമ്മിറ്റ്മെന്റ് പാലിച്ചിട്ടില്ലെന്നായിരുന്നു മാനേജരുടെ പ്രതികരണം.
ഇതിന് മറുപടിയായി താൻ ഒളിച്ചോടുകയല്ലെന്നും സുഖം പ്രാപിക്കാൻ അൽപ്പം സമയം മാത്രമാണ് ചോദിക്കുന്നതെന്നും ജീവനക്കാരൻ ശാന്തമായി മറുപടി നൽകി. 'ഞാൻ ചെയ്യും സർ. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയല്ല. ഓഫീസിൽ തിരിച്ചെത്തിയ ശേഷം എല്ലാ ജോലികളും പൂർത്തിയാക്കും', ജീവനക്കാരൻ ഉറപ്പ് നൽകി. മാനേജരുടെയും ജീവനക്കാരന്റെയും സംഭാഷണങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മേലുദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.
'ഒരാളുടെ ആരോഗ്യം മറ്റെന്തിനേക്കാളും വലുതാണ്. ശമ്പളം വാങ്ങുന്നുവെന്ന് കരുതി നിങ്ങൾ ആരുടെയെങ്കിലും അടിമയാണെന്നല്ല. ഇവർ പിരിച്ചുവിടാൻ ശ്രമിച്ചാൽ കേസ് കൊടുക്കാനും നഷ്ടപരിഹാരം നേടാനും നിങ്ങൾക്ക് വ്യക്തമായ കാരണമുണ്ട്. എല്ലാ തെളിവുകളും സൂക്ഷിച്ചു വയ്ക്കുക'. -ഒരാൾ കമന്റ് ചെയ്തു. ചില ഉപയോക്താക്കൾ മാനേജർക്ക് ഇംഗ്ലീഷ് ക്ലാസും മാനുഷിക മൂല്യങ്ങളെക്കുറിച്ചുള്ള ക്ലാസും ആവശ്യമാണെന്ന് പരിഹസിച്ചു. ജോലിസ്ഥലത്തെ മേലുദ്യോഗസ്ഥരുടെ ഇത്തരം പെരുമാറ്റങ്ങൾ ജീവനക്കാർക്കിടയിൽ ആരോഗ്യപ്രശ്നങ്ങളും ഉത്കണ്ഠയും ജോലിഭാരവും വർദ്ധിക്കുന്നതിന്റെ പ്രതിഫലനമാണ് ഇത്തരം സംഭവങ്ങളെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |