ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിൽ സെപ്തംബർ 27ന് തിക്കിലും തിരക്കിലും ഉണ്ടായ ദുരന്തം സംബന്ധിച്ച രാഷ്ട്രീയ വാഗ്വാദം നിയമസഭയിലും എത്തി. ദുരന്തത്തിന് കാരണം നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ആണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് നിയമസഭയിൽ കുറ്റപ്പെടുത്തി. സംഭവത്തിൽ 41 പേർ മരിച്ചിരുന്നു. പരിപാടിയിലെ സമയക്രമീകരണത്തിലുണ്ടായ ഗുരുതര പിഴവാണ് ദുരന്തത്തിന് കാരണമായതെന്ന് സ്റ്റാലിൻ ആരോപിച്ചു.
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തുടങ്ങി അഞ്ച് മണിക്കൂർ നീളുന്ന പരിപാടിയാണ് പ്രതീക്ഷിക്കുന്നതെന്നാണ് പൊലീസിനെ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് വിജയ് ഉച്ചയ്ക്ക് 12 മണിയോടെ വേദിയിൽ എത്തുമെന്ന് പാർട്ടി അറിയിച്ചതോടെ പൊലീസിന് സുരക്ഷാ ക്രമീകരണങ്ങൾ മാറ്റേണ്ടി വന്നു. എന്നാൽ വിജയ് എത്തിയത് ഏഴ് മണിക്കൂർ വൈകിയാണെന്നും ഇത് ആളുകളുടെ തിരക്ക് വർദ്ധിപ്പിക്കുകയും നടൻ സഞ്ചരിച്ച ബസ് പോലും മുന്നോട്ട് പോകാനാകാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്തുവെന്നും സ്റ്റാലിൻ പറഞ്ഞു. ഇതായിരുന്നു തിക്കുംതിരക്കിനും പ്രധാന കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.
ടിവികെ സംഘാടകരെയും സ്റ്റാലിൻ രൂക്ഷമായി വിമർശിച്ചു. കുടിവെള്ളം, സ്ത്രീകൾക്കായി മതിയായ ശുചിമുറികൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ടിവികെ പരാജയപ്പെട്ടു. കൂടാതെ പരിക്കേറ്റവരെ സഹായിക്കാൻ ശ്രമിച്ച രണ്ട് ആംബുലൻസ് ഡ്രൈവർമാരെ ടിവികെ പ്രവർത്തകർ ആക്രമിച്ചുവെന്നും സ്റ്റാലിൻ ആരോപിച്ചു. അടിയന്തര സേവനങ്ങൾ എത്തിച്ച് നൽകുന്ന പ്രവർത്തകർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ഇത് സംബന്ധിച്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു.
സംഘർഷം ഒഴിവാക്കാൻ വൈദ്യുതി വിതരണം നിർത്തിയത് കൂടുതൽ പ്രശ്നമുണ്ടാക്കിയെന്ന ടിവികെയുടെ ആരോപണം മുഖ്യമന്ത്രി തള്ളി. കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി ജനറേറ്റർ പ്രവർത്തിപ്പിക്കുന്നത് നിർത്തിവയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം മറുപടി നൽകി.
അതേസമയം സംഭവത്തിന് കാരണം അധികൃതരുടെ മോശം നടത്തിപ്പാണെന്ന് വിജയ്‌യും ടിവികെയും ആരോപിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഈ ആരോപണങ്ങൾ അപ്പാടെ നിഷേധിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി ഒരുക്കിയിരുന്നുവെന്ന് വ്യക്തമാക്കി വിശദമായ മറുപടി നൽകുകയും ചെയ്തു.
വിജയ്‌യുടെ മുൻ റാലികളുടെ കണക്കനുസരിച്ച് 10,000 പേരെ പ്രതീക്ഷിച്ചിരുന്നിടത്ത് സുരക്ഷയ്ക്കായി 20,000 പേർക്കുള്ള ക്രമീകരണങ്ങൾ പൊലീസ് ഒരുക്കി. 500ലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. എന്നാൽ ദുരന്തത്തിന് ശേഷം നടത്തിയ കണക്കെടുപ്പിൽ 25,000ത്തോളം പേർ റാലിയിൽ പങ്കെടുത്തതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതീക്ഷിച്ചതിലും ഇരട്ടിയിലധികം ആളുകൾ എത്തിയതാണ് ബാരിക്കേഡുകൾ തകരാനും തുടർന്ന് ദുരന്തം ഉണ്ടാകാൻ കാരണമെന്നും സ്റ്റാലിൻ പറഞ്ഞു.
സംഭവത്തിൽ ഡിഎംകെ സർക്കാരിനെതിരെ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ എംപിമാരും വിമർശനം ഉന്നയിച്ചിരുന്നു. അതിനിടെ തിക്കിലും തിരക്കിലും സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അജയ് രസ്തോഗി നേതൃത്വം നൽകുന്ന മൂന്നംഗ പാനലാണ് സിബിഐ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. അന്വേഷണത്തെ ടിവികെയും സ്വാഗതം ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ടിവികെയുടെ രണ്ട് ഭാരവാഹികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ജനറൽ സെക്രട്ടറി എൻ ബസ്സി ആനന്ദ്, ജോയിന്റ് ജനറൽ സെക്രട്ടറി നിർമ്മൽ ശേഖർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |