ന്യൂഡൽഹി : തൃശൂർ പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയ പാത അതോറിട്ടി സുപ്രീംകോടതിയിൽ. ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അതോറിട്ടി അപ്പീൽ നൽകിയത്. ബുധനാഴ്ചയാണ് ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അപ്പീൽ സാദ്ധ്യത മുന്നിൽക്കണ്ട് ഹൈക്കോടതിയിലെ ഹർജിക്കാരൻ ഷാജി കോടകണ്ടത്ത് നേരത്തെ തടസ ഹർജിയും നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ കരാർ കമ്പനിയും ദേശീയ പാത അതോറിട്ടിയും അപ്പീൽ നൽകിയാൽ തന്റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുത് എന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്.
ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ദേശീയപാത അതോറിട്ടിക്ക് കഴിയാത്തത് ചൂണ്ടിക്കാട്ടിയാണ് തൃശൂർ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി നാലാഴ്ചത്തേക്ക് വിലക്കിയത് . ഈ സമയപരിധിക്കകം കുരുക്ക് പരിഹരിക്കാൻ അതോറിട്ടി നടപടിയെടുക്കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഫെബ്രുവരി മുതൽ അവസരം നൽകിയിട്ടും പരിഹാരം കാണാൻ അതോറിട്ടി നടപടി സ്വീകരിച്ചില്ലെന്ന് കോടതി വിമർശിച്ചു. നടപടി സ്വീകരിക്കുന്നതുവരെ ടോൾപിരിവ് നിറുത്തിവയ്ക്കണം. സുഗമമായ ഗതാഗതം ഉറപ്പാക്കാനാണ് ടോൾ പിരിവ്. ഇതിൽ വീഴ്ച വരുമ്പോൾ ടോൾ അവകാശപ്പെടാൻ ദേശീയപാത അതോറിട്ടിക്കും കരാറുകാർക്കും കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു.ടോൾ കൊടുക്കുന്നത് യാത്രക്കാരുടെ നിയമപരമായ ബാദ്ധ്യതയാണെന്നും ചൂണ്ടിക്കാട്ടി. ജൂലായ് 17 ന് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലെടുത്ത തീരുമാനങ്ങൾ നാലാഴ്ചയ്ക്കകം നടപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |