കൊച്ചി: ദേശീയപാതയിലെ ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തിൽ തൃശൂർ പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി സെപ്തംബർ 9 വരെ നീട്ടി. ദേശീയ പാത അതോറിറ്റി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ഇടക്കാല ഗതാഗത മനേജ്‌മെന്റ് സമിതി പരിശോധനകൾ നടത്താനും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
ടാറിംഗ് പൂർത്തിയായെന്നും പാതയിൽ ഗതാഗതം സുഗമമായെന്നും അതോറിറ്റി അറിയിച്ചിരുന്നു. എന്നാൽ, സ്ഥിതി പഴയപടി തന്നെയെന്ന് സമിതി റിപ്പോർട്ടിൽ വ്യക്തമാക്കി. തുടർന്നാണ് പരിശോധനയ്‌ക്ക് നിർദ്ദേശം നൽകിയത്.
തൃശൂർ കളക്ടർ, ജില്ല പൊലീസ് മേധാവി, ആർ.ടി.ഒ എന്നിവരുൾപ്പെട്ടതാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം രൂപീകരിച്ച ഇടക്കാല ഗതാഗത മനേജ്‌മെന്റ് സമിതി.
വേണ്ടത്ര ജോലിക്കാരെ നിയമിച്ചിട്ടില്ലെന്ന് സമിതി റിപ്പോർട്ട് നൽകിയിരുന്നു. ഇടക്കാല മാനേജ്‌മെന്റ് പ്ലാൻ താത്കാലിക ആശ്വാസം മാത്രമാണു നൽകുന്നത്. സ്ഥിരം സംവിധാനം വേണം. സർവീസ് റോഡ് രണ്ടുവരി പാതയാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തു. അണ്ടർപാസുകളുടെ നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലുൾപ്പെടെ ഗതാഗതക്കുരുക്ക് നിരീക്ഷിച്ച് പരിഹാര നടപടികൾ സ്വീകരിക്കാനാണു സമിതി.
പാലിയേക്കരയിലെ ടോൾ പിരിവ് നാലാഴ്‌ചത്തേക്കു തടഞ്ഞ ഉത്തരവ് ശരിവച്ച സുപ്രീം കോടതി, ഗതാഗതം സുഗമമാക്കാൻ ഹൈക്കോടതിയുടെ നിരീക്ഷണമുണ്ടാകണമെന്ന് നിർദ്ദേശിച്ചിരുന്നു. കോൺഗ്രസ് നേതാക്കളായ ജോസഫ് ടാജറ്റ്, ഷാജി കോടകണ്ടത്ത് തുടങ്ങിയവർ നൽകിയ ഹർജികളാണ് പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |