തൃശൂർ: സംസ്ഥാനത്തെ ആരോഗ്യരംഗം എന്താണെന്ന് വെളിപ്പെടുത്തിയ ഡോ. ഹാരിസിനെ സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡോക്ടർ ഹാരിസിനെതിരായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടക്കുകയാണ്. അദ്ദേഹത്തിനെതിരെ മോഷണക്കുറ്റം ചുമത്തി അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്.
ആരോഗ്യ കേരളം വെന്റിലേറ്ററിൽ എന്ന മുന്നറിയിപ്പാണ് ഹാരിസിന്റേത്. ഒരു രൂപ കൈക്കൂലി വാങ്ങാത്ത, രോഗികൾക്കായി ജീവിക്കുന്ന ഒരാളെയാണ് മോഷണക്കുറ്റത്തിൽ പ്രതിയാക്കി വേട്ടയാടാൻ ശ്രമിക്കുന്നത്. ഹീനമായ നീക്കത്തിൽ നിന്ന് ആരോഗ്യമന്ത്രിയെ പിന്മാറ്റാൻ മുഖ്യമന്ത്രി തയാറാകണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
വേട്ടയാടൽമനുഷ്യത്വ വിരുദ്ധം: ചെന്നിത്തല
തിരുവനന്തപുരം: ചികിത്സാസൗകര്യത്തിന്റെ അപര്യാപ്തത തുറന്നു പറഞ്ഞതിന്റെ പേരിൽ ഡോ. ഹാരീസിനെ വേട്ടയാടാനുള്ള ഭരണകൂട ശ്രമം അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമെന്ന്കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.
സാധാരണക്കാരായ മനുഷ്യർക്കു വേണ്ടി ശബ്ദമുയർത്തുന്നവരെ അംഗീകരിക്കുകയാണ് യഥാർഥ കമ്യൂണിസ്റ്റുകൾ ചെയ്യേണ്ടത്.സ്വന്തം സഹപ്രവർത്തകരെ തന്നെ ഉപയോഗിച്ചാണ് ഡോ. ഹാരീസിനെ കുടുക്കാൻ ശ്രമിക്കുന്നത്. ഭരണകൂടത്തിന്റെ ഇത്തരം ഭീകരതയ്ക്കു വഴങ്ങാതെ ഡോക്ടർമാരുടെ സംഘടനകളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്വന്തം സഹപ്രവർത്തകനൊപ്പം നിൽക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |