ചേർത്തല :ട്രമ്പിന്റെ അധിക തീരുവ ഭീഷണിക്ക് വഴങ്ങാതെ രാജ്യത്തെ ധൈര്യപൂർവം മുന്നോട്ട് നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, എൻ.ഡി.എ സർക്കാരിനും ഐക്യദാർഡ്യം പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ്. പ്രതിസന്ധികളെ അതിജീവിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് സംസ്ഥാന എക്സിക്യൂട്ടിവ് പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലകളെ രണ്ടും മൂന്നും സംഘടനാ ജില്ലകളായി തിരിച്ചു.എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പിന് മുന്നോടിയായി ശില്പശാലകൾ സംഘടിപ്പിക്കും. സംസ്ഥാന ഭാരവാഹികൾക്ക് ജില്ലകളുടെ ചുമതലയും നിശ്ചയിച്ചു. സെപ്തംബർ ഒന്നു മുതൽ ഒക്ടോബർ 31വരെ അംഗത്വ ക്യാമ്പയിൻ നടത്തും.
ചേർത്തല കരപ്പുറം റെസിഡൻസിയിൽ നടന്ന എക്സിക്യൂട്ടിവ് യോഗം സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നൽകി.സംസ്ഥാന ഭാരവാഹികളായ ഉണ്ണിക്കൃഷ്ണൻ ചാലക്കുടി,പൈലി വാത്യട്ട്,തമ്പി മേട്ടുതറ, അഡ്വ.സംഗീത വിശ്വനാഥ്,അഡ്വ.പി.എസ്. ജ്യോതിസ്,പച്ചയിൽ സന്ദിപ്,ഇ.എസ്.ഷീബ ,പി.ടി.മൻമഥൻ,എ.ബി.ജയപ്രകാശ്,ഡി.പ്രേംരാജ്, അനിഷ് പുല്ലുവേലിൽ എന്നിവർ സംസാരിച്ചു.
അമേരിക്കൻ തീരുവ: ഡി.സി.സികളുടെ പ്രതിഷേധം ഇന്ന്
തിരുവനന്തപുരം: കാർഷിക കേരളത്തിന്റെ നടുവൊടിക്കുംവിധം അമേരിക്ക ഇന്ത്യയുടെ മേൽ ചുമത്തിയ പുതിയ തീരുവയിൽ പ്രതിഷേധിച്ച് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഡി.സി.സികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെറ്റായ വിദേശനയത്തിന്റെ ഫലമായാണ് ഈ സാഹചര്യം ഉണ്ടായത്. രാജ്യത്തെ ആകെ ബാധിക്കുന്ന അമേരിക്കൻ തീരുവ കേരളത്തിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |