പാലക്കാട്: കാഴ്ചക്കുറവുള്ള പി.ടി 5 കാട്ടാനയെ (പാലക്കാട് ടസ്കർ 5) മയക്കുവെടിവച്ച് പിടികൂടി ചികിത്സനൽകി. തുടർന്ന് റേഡിയോ കോളർ ഘടിപ്പിച്ചശേഷം കാടുകയറ്റി.
മൂന്നുമണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് പി.ടി.5നെ മയക്കുവെടിവച്ച് പിടികൂടിയത്. ഇന്നലെ രാവിലെ എട്ടോടെയാണ് ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘവും നൂറോളം വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും അഗ്നിശമനസേനയും ദൗത്യം ആരംഭിച്ചത്. മലമ്പുഴ മാന്തുരുത്തിൽ നിലയുറപ്പിച്ച കാട്ടാനക്ക് നേരെ രണ്ടുതവണ മയക്കുവെടി വച്ചു. പത്ത് മിനിട്ടിനകം ആന മയങ്ങിയതോടെയാണ് വിദഗ്ദ്ധ സംഘം പരിശോധന ആരംഭിച്ചത്.
ആനയുടെ വലതുകണ്ണിന് പൂർണമായും ഇടതുകണ്ണിന് 70 ശതമാനവും കാഴ്ച പരിമിതിയുണ്ട്. കണ്ണിനേറ്റ പരിക്കാണ് കാഴ്ചപരിമിതിക്ക് കാരണം. കണ്ണിൽ മരുന്നുവച്ച് കെട്ടി ചികിത്സ നടത്തിയശേഷമാണ് റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ ഉൾക്കാട്ടിലേക്ക് അയച്ചത്. അടുത്ത 20 ദിവസം ആനയെ നിരീക്ഷിക്കും. ഇതിനായി ഡോക്ടർമാരുടെ വിദഗ്ദ്ധ സംഘം ജില്ലയിൽ തുടരും. കാഴ്ചശക്തി വീണ്ടെടുക്കാനായില്ലെങ്കിൽ തുടർചികിത്സ നൽകുന്നതിനെപ്പറ്റി ആലോചിക്കുമെന്നും ഡോ.അരുൺ സക്കറിയ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |