തിരുവനന്തപുരം:വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി ബോർഡുകളുടെ കുടിശിക ബാദ്ധ്യത തീർക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ച സാഹചര്യത്തിൽ, രാജ്യമെമ്പാടും വൈദ്യുതി നിരക്ക് കുത്തനെ ഉയർന്നേക്കും.നിരക്ക് വർദ്ധന ഒറ്റയടിക്ക് വേണോ, ഘട്ടം ഘട്ടമായി വേണോ എന്ന് അതത് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനാണ് തീരുമാനിക്കേണ്ടത്.
ഗാർഹിക ഉപഭോക്താക്കൾക്ക് വൻബാദ്ധ്യത വരാത്ത രീതിയിൽ വാണിജ്യ,വ്യവസായ ഉപഭോക്താക്കൾക്കും നിരക്ക് കൂട്ടി ബാദ്ധ്യത തീർക്കുന്നതിന് സമയബന്ധിതമായി പദ്ധതി തയ്യാറാക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്.രാഷ്ട്രീയ ഇടപെടലാണ് വൈദ്യുതി ബോർഡുകളേയും റെഗുലേറ്ററി കമ്മിഷനേയും പ്രതിസന്ധിയിലാക്കുന്നതെന്നാണ് നിരീക്ഷണം.
രാജ്യത്താകെ 1.5ലക്ഷം കോടിയുടെ ബാദ്ധ്യതയാണ് വിവിധ സംസ്ഥാന വൈദ്യുതി ബോർഡുകൾക്കെല്ലാം കൂടിയുള്ളത്. ഏറ്റവും കൂടുതൽ തമിഴ്നാടിനാണ്. 87000 കോടി, രണ്ടാമത് ഡൽഹിക്ക് 20000 കോടി.രണ്ടിടത്തും സംസ്ഥാന സർക്കാരുകളുടെ നിർബന്ധത്തിന് വഴങ്ങി പരിധിയില്ലാതെ വൈദ്യുതി നിരക്ക് ഇളവ് നൽകിയതാണ് ബോർഡിനെ കുടുക്കിയത്. ഇതീനനുസരിച്ച് സർക്കാർ സഹായവും നൽകിയില്ല.കേരളത്തിന് 6600 കോടിയുടെ ബാദ്ധ്യതയാണുള്ളത്. ഇത് 2011മുതൽ 2017 വരെയുള്ള കാലയളവിലുണ്ടായത്. ആ
സമയത്ത് വൈദ്യുതി നിരക്ക് കൂട്ടാതിരിക്കാൻ സർക്കാർ ഇടപെട്ടതിനാലാണ് നഷ്ടം നികത്താനാകാതെ ബോർഡിന് പ്രവർത്തിക്കേണ്ടി വന്നത്.
കഴിഞ്ഞ വർഷം 16 പൈഡയും ഇത്തവണ 12 പൈസയുമാണ് സംസ്ഥാനത്ത് വൈദ്യുതി യൂണിറ്റിന് ശരാശരി വർദ്ധന. 6600 കോടിയുടെ ബാദ്ധ്യത തീർക്കാൻ ആർക്കെല്ലാം,എത്രമാത്രം നിരക്ക് വർദ്ധന,എത്ര കാലത്തേക്ക് വരുത്തണമെന്ന് കെ.എസ്.ഇ.ബിയും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനും സംയുക്തമായി തീരുമാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |