തിരുവനന്തപുരം: ഡോ. ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി സർക്കാർ. ഹാരിസിന്റെ മുറിയിൽ അസ്വാഭാവികമായ പെട്ടി കണ്ടു എന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഈ വാദം പൊളിഞ്ഞതോടെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നീക്കങ്ങളെ ജനം സംശയിച്ചുതുടങ്ങിയ സാഹചര്യമാണ് നിലവിൽ. കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനം കനത്ത പ്രതിഛായ തകർച്ചയാണ് ആരോഗ്യവകുപ്പിന് ഉണ്ടാക്കിയിരിക്കുന്നത്.
ഹാരിസിനെതിരെ നടപടിയുണ്ടാകില്ലെന്ന് കെജിഎംസിടിഎയ്‌ക്ക് ആരോഗ്യമന്ത്രി ഉറപ്പും നൽകി. മന്ത്രിയുമായി കെജിഎംസിടിഎ പ്രതിനിധികൾ ഇന്ന് ചർച്ച നടത്തും. ഉപകരണം കാണാതായതിൽ അന്വേഷണത്തിന് പ്രസക്‌തിയില്ലെന്നും മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരുടെ സൗകര്യങ്ങളിൽ പഠനം വേണമെന്നുമാണ് സംഘടനയുടെ ആവശ്യം. സർക്കാർ ഏജൻസിയെക്കൊണ്ട് വിദഗ്ദ്ധ പഠനം നടത്തണമെന്ന ആവശ്യവും സംഘടനയ്‌ക്കുണ്ട്.
അതേസമയം, മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ ലീവിലായിരുന്ന ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിക്കും. ഒരാഴ്ച്ചത്തേക്കാണ് ഡോ. ഹാരിസ് മെഡിക്കൽ അവധിയിൽ പോയിരുന്നത്. കഴിഞ്ഞ ദിവസം ഡോ. ഹാരിസിന്റെ അസാന്നിദ്ധ്യത്തിൽ ശസ്ത്രക്രിയ ഉപകരണം കാണാത്തതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധന വലിയ വിവാദമായിട്ടുണ്ട്.
അതിന് ശേഷം ദുരൂഹ സാഹചര്യത്തിൽ ഒരു ബോക്‌സ് കണ്ടെത്തി എന്ന് പ്രിൻസിപ്പലും സൂപ്രണ്ടും പറഞ്ഞെങ്കിലും പിന്നീട് ആ വാദം പൊളിഞ്ഞിരുന്നു. ഇതോടുകൂടി വാർത്താ സമ്മേളനം തന്നെ അനാവശ്യമായി പോയി എന്ന നിലപാടിലാണ് ഉദ്യാഗസ്ഥർ. ഈ പശ്ചാത്തലത്തിൽ ഡിഎംഇയുടെ റിപ്പോർട്ട് തിങ്കളാഴ്ച്ച സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |