ചാലക്കുടി: ചായ്പൻകുഴി സ്‌കൂൾ പരിസരത്തു നിന്ന് വിദ്യാർത്ഥികളെ കൂട്ടികൊണ്ടുപോയി മദ്യം നൽകിയ മൂന്നുപേർ അറസ്റ്റിൽ. കെ.എസ്.ഇ.ബി ജീവനക്കാരൻ അന്നമനട പാലിശേരി കാട്ടുകണ്ടത്തിൽ വീട്ടിൽ സ്‌നേഹേഷ് (44), ബാർ ജീവനക്കാരായ പാലക്കാട് കിഴക്കഞ്ചേരി കാട്ടിരിക്കൽ വീട്ടിൽ ദിവാകരൻ(45), വയനാട് പുൽപ്പള്ളി വടക്കേൽ വീട്ടിൽ അനീഷ്(34) എന്നിവരെയാണ് റൂറർ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം പിടികൂടിയിത്.
വ്യാഴാഴ്ചയാണ് കെ.എസ്.ഇ.ബി ജീവനക്കാരൻ സ്നേഹേഷ് ചായ്പ്പൻകുഴിയിൽ നിന്ന് വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച് ബൈക്കിൽ കയറ്റി മോതിരക്കണ്ണി ബാറിലെത്തിച്ചത്. ഇവിടെ നിന്നും ബിയർ വാങ്ങി ബാറിനകത്ത് വച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ കുടിപ്പിക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ എസ്.എച്ച്.ഒ: എം.കെ. സജീവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.
സ്‌നേഹേഷിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. വകുപ്പ് തല നടപടികൾക്കും വൈദ്യുതി ബോർഡിലേക്ക് ശുപാർശ ചെയ്യുമെന്ന് എസ്.പി അറിയിച്ചു. എസ്.ഐമാരായ ഋഷിപ്രസാദ്, കെ.കെ. ബിജു, ഹരിശങ്കർ പ്രസാദ്, എ.എസ്.ഐ: ജിബി, സിവിൽ പൊലീസ് ഓഫീസർമാരായ സുജിത്ത്, സജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |