ചേർത്തല : മൂന്ന് സ്ത്രീകളുടെ ദുരൂഹ സാഹചര്യത്തിലുള്ള തിരോധാനം ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കെ കസ്റ്റഡിയിലുള്ള പ്രതി സെബാസ്റ്റ്യന്റെ വീട്ടുപറമ്പിലെ പഴയ കിണർ നികത്തിയ സ്ഥലം തുരന്ന് പരിശോധിച്ചേക്കും. ചേർത്തല നഗരത്തിൽ സെബാസ്റ്റ്യന്റെ സഹോദരൻ ക്ലമന്റിന്റെ പേരിലുള്ള കാടുപിടിച്ചുകിടക്കുന്ന സ്ഥലവും കുഴിച്ചുപരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനക്കേസിലാണ് സെബാസ്റ്റ്യൻ ഇപ്പോൾ കസ്റ്റഡിയിലുള്ളത്.
ഉപയോഗശൂന്യമായ കിണർ മൂന്നുവർഷം മുമ്പ് മണ്ണിട്ട് മൂടിയതായി അന്വേഷണസംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിന്ദുപദ്മനാഭൻ, ഹയറുമ്മയെന്ന ഐഷ എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് കിണറുണ്ടായിരുന്ന സ്ഥലം തുരന്ന് പരിശോധിക്കാനുള്ള ആലോചന. ഇവരെ അപായപ്പെടുത്തി മൃതദേഹമോ ശരീരാവശിഷ്ടങ്ങളോ കിണറ്റിൽ തള്ളിയിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാണിത്. ഉപയോഗശൂന്യമായ കിണർ വീട്ടുവളപ്പിൽ ഉണ്ടായിരുന്നെന്നും ഏതാനും വർഷം മുമ്പ് അത് മണ്ണിട്ട് മൂടിയെന്നും സെബാസ്റ്റ്യൻ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
സെബാസ്റ്റ്യനുമായി ചങ്ങാത്തമുണ്ടായിരുന്ന മൂന്ന് സ്ത്രീ സുഹൃത്തുക്കൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇതിൽ രണ്ടു പേരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. ജില്ലയ്ക്കു പുറത്തുള്ള മൂന്നാമത്തെയാളോട് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |