ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം ശാഖകൾ പിറവിയെടുത്ത കുട്ടനാട്ടിലെ ശാഖാനേതൃത്വ സംഗമത്തിൽ വികാരാധീനനായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്നലെ രാവിലെ എടത്വ സെന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കുട്ടനാട്, കുട്ടനാട് സൗത്ത്, മാന്നാർ യൂണിയനുകളുടെ സംയുക്ത നേതൃസംഗമത്തിലാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ് കുട്ടനാട്ടുകാർ എന്നുപറഞ്ഞ് വെള്ളാപ്പള്ളി നടേശന്റെ കണ്ണു നിറയുകയും കണ്ഠമിടറുകയും ചെയ്തത്. ചടങ്ങിനായി ഒത്തുകൂടിയ ശാഖാംഗങ്ങളുടെ സംഘടനാബോധമാണ് തന്റെ കണ്ണ് നിറച്ചതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
'എല്ലാവർക്കും കുട്ടനാട്ടുകാരുടെ വോട്ട് വേണം. പക്ഷേ അവർക്ക് കുടിക്കാൻ ശുദ്ധജലമുണ്ടോയെന്ന് പോലും തിരക്കാറില്ല. വെള്ളം കയറുന്ന നാട്ടിൽ വാഴപ്പിണ്ടി വച്ച് മൃതദേഹങ്ങൾ ദഹിപ്പിക്കേണ്ട ദുരവസ്ഥയുണ്ട്. ഏറ്റവും പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടനാട്ടുകാർക്ക് വരുത്തരെ ചുമക്കാനാണ് യോഗം. കുട്ടനാട്ടിൽ വിജയിച്ച എൻ.സി.പിക്ക് നാടിനോട് എന്ത് പ്രതിബദ്ധതയാണുള്ളത്? നെല്ലുവില പോലും കൊടുക്കാത്ത ഇത്ര പരാജയപ്പെട്ടൊരു കൃഷിമന്ത്രിയെ കണ്ടിട്ടില്ല. സ്വാമിനാഥൻ കമ്മിഷന്റെ പ്രയോജനം കുട്ടനാട്ടിലെ സാധാരണക്കാർക്ക് ലഭിച്ചിട്ടില്ല. കുട്ടനാട്ടുകാരെ എല്ലാവരും അവഗണിക്കുകയാണ് - വെള്ളാപ്പള്ളി പറഞ്ഞു.
മലപ്പുറത്ത് തന്റെ സമുദായത്തിന്റെ വേദന പറഞ്ഞപ്പോൾ അതിനെ വളച്ചൊടിച്ചു. തന്റെ കോലം കത്തിച്ചതുകൊണ്ട് സത്യം അസത്യമായി മാറില്ല. ഈഴവ സമുദായത്തിന് വേണ്ടി സംസാരിക്കേണ്ടത് താനാണ്. എസ്.എൻ.ഡി.പി യോഗമുണ്ടായത് രാമായണം വായിക്കാനല്ല. മലപ്പുറം സംസ്ക്കാരം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
20 ലക്ഷത്തിന്റെ ഓണസമ്മാനം
കുട്ടനാടിന്റെ സാമുദായിക സംഘടനാ ബോധത്തിൽ സംതൃപ്തനായ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കുട്ടനാട്, കുട്ടനാട് സൗത്ത്, മാന്നാർ യൂണിയനുകളിലെ ശാഖകൾക്കായി 20ലക്ഷം രൂപ ഓണസമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ചു. മൂന്ന് യൂണിയനുകളിലായുള്ള 103 ശാഖകളിൽ ഓരോ ശാഖയ്ക്കും പതിനയ്യായിരം രൂപയും ഓരോ വനിതാസംഘത്തിനും അയ്യായിരം രൂപയും എന്ന കണക്കിൽ ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളിൽ നൽകുമെന്നാണ് വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |