കണ്ണൂർ: പ്രവാസ ജീവിതത്തിലേക്ക് തിരിച്ചുപോകുന്ന പിതാവിന്, വിമാനത്തിൽ സർപ്രൈസ് കൊടുക്കുന്ന യുവതിയാണ് നിലവിൽ സോഷ്യൽ മീഡിയയിൽ താരം. തന്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ പിതാവിന്റെ ആഗ്രഹ സാഫല്യമായിരുന്നു ലക്ഷ്യം. ആലപ്പുഴ കരുവാറ്റ സ്വദേശി സജിനിയാണ് (24) പ്രവാസിയായ പിതാവ് സന്തോഷ് കുമാറിന് സർപ്രൈസ് നൽകിയത്.
മൂന്നുവർഷത്തോളമായി ഇന്റിഗോ ഫ്ലൈറ്റിൽ ക്യാബിൻ ക്രൂവായി ജോലി ചെയ്യുകയാണ് സജിനി. 20 വർഷമായി അബുദാബിയിൽ ജോലി ചെയ്യുന്ന സന്തോഷിന് മകൾ ക്യാബിൻ ക്രൂവായുള്ള വിമാനത്തിൽ യാത്ര ചെയ്യണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഇക്കുറി ആഗ്രഹം സഫലമാക്കണമെന്നുറപ്പിച്ച് സജിനിയുടെ ഡ്യൂട്ടി ഷെഡ്യൂൾ നോക്കി ടിക്കറ്റെടുത്തു. എന്നാൽ, തന്റെ ഡ്യൂട്ടി മാറിയെന്നും പകരം എയർപോർട്ട് ഡ്യൂട്ടി ആണെന്നും സജിനി പിതാവിനെ വിശ്വസിപ്പിച്ചു. എമിഗ്രേഷൻ കൗണ്ടറും സെക്യൂരിറ്റി ചെക്കിംഗും കഴിഞ്ഞ് എയർ ക്രാഫ്റ്റ് ചെയ്തപ്പോൾ ചിരിച്ചുകൊണ്ട് ഫ്ലൈറ്റിലേക്ക് സ്വീകരിക്കുന്ന മകളെ കണ്ട് സന്തോഷ് ഞെട്ടി. സന്തോഷം അടക്കാനാകാതെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഒരു സ്പെഷ്യൽ പേഴ്സൺ ഇന്ന് ഈ ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നുണ്ടെന്നുപറഞ്ഞ് മറ്റ് യാത്രക്കാർക്ക് സജിനി പിതാവിനെ പരിചയപ്പെടുത്തി. തന്റെ ഹീറോയെപ്പോലെ നാടും വീടും വിട്ട് പോകുന്ന പ്രവാസികൾക്ക് മലയാളത്തിൽ ആദരമർപ്പിക്കുന്ന വാക്കുകൾ എല്ലാവരും ശ്രദ്ധയോടെ കേട്ടു. ഇതെല്ലാം സന്തോഷ് തന്റെ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു. ഈ യാത്രയോടെ പ്രവാസജീവിതം അവസാനിപ്പിച്ച്, നാട്ടിൽ തന്നെ കൂടാനാണ് സന്തോഷിന്റെ തീരുമാനം.
ചെറുപ്പം മുതലുള്ള സ്വപ്നം
ചെറുപ്പത്തിൽ അച്ഛനെ എയർപോർട്ടിൽ കൊണ്ടുവിടാൻ പോകുമ്പോൾ മുതലുള്ള സ്വപ്നമായിരുന്നു ക്യാബിൻ ക്രൂ എന്നത്. ഡിഗ്രി കഴിഞ്ഞ് ഏവിയേഷൻ കോഴ്സിന് പോയാൽ മതിയെന്ന് നിർദ്ദേശിച്ചത് അച്ഛനാണ്. അങ്ങനെയാണ് ബി.എ ഇംഗ്ലീഷ് ആൻഡ് ലിറ്ററേച്ചർ കഴിഞ്ഞ് കൊച്ചിയിൽ വിംഗ്സ് ഏവിയേഷൻ അക്കാഡമിയിലെ കോഴ്സ് പൂത്തിയാക്കിയത്. പിന്നാലെ ഇന്റിഗോയിൽ സെലക്ഷൻ ലഭിച്ചു. ഈ ഒക്ടോബറിൽ മൂന്നുവർഷം പൂർത്തിയാകും. രജനിമോളാണ് സജിനിയുടെ മാതാവ്. സഹോദരൻ: സജിൻ സന്തോഷ്.
ഫ്ലൈറ്റിൽ അച്ഛന്റെ പ്രായമുള്ളവരെ കാണുമ്പോൾ അദ്ദേഹത്തെ ഓർമ്മവരും. ചിലർ ആദ്യമായി ഫ്ലൈറ്റിൽ കയറുന്നവരായിരിക്കും. അങ്ങനെയുള്ളവരെ സഹായിക്കും.
- സജിനി സന്തോഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |