അബുദാബി: സമൂഹമാദ്ധ്യമങ്ങളിൽ അധിക്ഷേപകരമായതോ അപകീർത്തികരമായതോ ആയ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുകയോ മറുപടി നൽകുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുഎഇ അധികൃതർ. കുറ്റകരമായ രീതിയിലുള്ള പോസ്റ്റുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കണ്ടന്റ് ക്രിയേറ്റർമാരെ വ്യക്തിഹത്യ ചെയ്യുന്ന കമന്റുകളുടെ എണ്ണവും വർദ്ധിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. യുഎഇ നിയമപ്രകാരം ഇവയെല്ലാം കുറ്റകൃത്യങ്ങളാണെന്ന് അധികൃതർ വ്യക്തമാക്കി.
കമന്റ് സെക്ഷന്റെ ദുരുപയോഗം വ്യാപകമാവുകയാണെന്ന് ഷാർജ പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ഒമർ അഹ്മദ് അബു അൽ സവാദ് പറഞ്ഞു. പബ്ളിക് പോസ്റ്റുകളിൽ കമന്റ് ചെയ്യുമ്പോൾ ആരെയെങ്കിലും വ്യക്തിപരമായി ആക്രമിക്കാനോ അധിക്ഷേപിക്കാനോ ഉള്ള അധികാരം ആർക്കും നൽകുന്നില്ല. ഡിജിറ്റൽ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കമന്റിലൂടെ മറ്റുള്ളവരെ അപമാനിക്കുന്നവർക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓൺലൈനിലൂടെയുള്ള അധിക്ഷേപത്തിന് 250,000 ദിർഹം മുതൽ 500,000 ദിർഹംവരെ പിഴയും തടവും ലഭിക്കും. സർക്കാർ അധികാരികളെയാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിലോ കൂടുതൽ പേർ ഫോളോ ചെയ്യുന്ന അക്കൗണ്ടിൽ നിന്നോ ആണ് അധിക്ഷേപ കമന്റുകൾ വരുന്നതെങ്കിലോ ശിക്ഷ ഇനിയും കനക്കുമെന്നും കേണൽ അറിയിച്ചു.
എഴുത്തിലൂടെയുള്ള പോസ്റ്റ്, വീഡിയോ, ഓഡിയോ ക്ളിപ്പ്, ലൈവ് സ്ട്രീം തുടങ്ങിയവയിൽ ഏത് മാർഗത്തിലൂടെ മറ്റുള്ളവരെ അപമാനിക്കുകയോ ആക്രമിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. കമന്റുകൾ നിരുപദ്രവകരമാണെന്നാണ് പലരും കരുതുന്നത്. എന്നാൽ ഓൺലൈനിൽ പങ്കുവയ്ക്കുന്ന ഓരോ വാക്കും റെക്കാഡ് ചെയ്യുന്നുണ്ട്. ഇവ ട്രേസ് ചെയ്യാൻ സാധിക്കുമെന്നും നിയമനടപടിക്ക് വിധേയമാകുമെന്നും ദുബായ് പൊലീസിലെ സൈബർ ക്രൈം ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മേജർ അബ്ദുള്ള അൽ ഷെഹി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |