ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നന്ദി പറഞ്ഞ് പ്രതിപക്ഷ എംഎൽഎ പൂജാ പാൽ. തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയ ഗുണ്ടാത്തലവൻ ആതിഖ് അഹമ്മദിനെ ഇല്ലതാക്കിയതിനാണ് സമാജ്‌വാദി പാർട്ടി എംഎൽഎ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞത്.
2005ലാണ് പൂജാ പാലിന്റെ ഭർത്താവ് രാജു പാലിനെ ഗുണ്ടകൾ കൊലപ്പെടുത്തിയത്. മറ്റാരും കേൾക്കാതിരുന്നപ്പോൾ തന്റെ വാക്ക് കേട്ടതിന് നന്ദിയെന്നും അവർ പറഞ്ഞു. കുറ്റവാളികൾക്കെതിരെ സഹിഷ്‌ണുതയില്ലാത്ത നയങ്ങൾ കൊണ്ടുവന്നതിന് യോഗിയെ പ്രശംസിക്കുകയും ചെയ്‌തു. ഇന്ന് സംസ്ഥാനം മുഴുവനും അദ്ദേഹത്തെ വിശ്വാസത്തോടെയാണ് കാണുന്നതെന്നും അവർ പറഞ്ഞു. 'വിഷൻ ഡോക്യുമെന്റ് 2047' എന്ന വിഷയത്തിൽ ഉത്തർപ്രദേശ് നിയമസഭയിൽ 24 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പൂജ.
സംഭവത്തിന് പിന്നാലെ പൂജയെ സമാജ്‌വാദി പാർട്ടിയിൽ നിന്ന് പുറത്താക്കി. അദ്ധ്യക്ഷൻ അഖിലേഷ് യാദവാണ് പുറത്താക്കിയത്. കടുത്ത അച്ചടക്കരാഹിത്യവും പാർട്ടിയുടെ പ്രതിച്ഛായയ്‌ക്ക് കോട്ടം വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ, പറഞ്ഞ പ്രസ്‌താവനയിൽ ഉറച്ച് നിൽക്കുന്നുവെന്നാണ് പൂജയുടെ പ്രതികരണം.
2005 ജനുവരി 25ന് പൂജയെ വിവാഹം കഴിച്ച് ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് ബഹുജൻ സമാജ് പാർട്ടി മുൻ എംഎൽഎ ആയിരുന്ന രാജു പാൽ വെടിയേറ്റ് മരിച്ചത്. 2004ൽ പ്രയാഗ്‌രാജ് വെസ്റ്റ് സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ രാജു പരാജയപ്പെടുത്തിയ ആതിക് അഹമ്മദിന്റെ സഹോദരൻ അഷ്‌റഫുമായുള്ള രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം. പിന്നീട് അറസ്റ്റിലായ ആതിഖും അഷ്‌റഫും പ്രയാഗ്‌രാജിൽ വൈദ്യപരിശോധനയ്‌ക്ക് കൊണ്ടുപോകുന്നതിനിടെ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ മൂന്ന് പ്രതികളും പിന്നീട് അറസ്റ്റിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |