കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്? കുറേ വർഷങ്ങളായി ആളുകളെ കുഴക്കിയ ഒരു ചോദ്യമാണിത്. ശാസ്ത്രലോകം വിവിധ തരത്തിലുളള ഉത്തരമാണ് ഈ ചോദ്യത്തിന് നൽകിയത്. ചിലർ മുട്ടയാണ് ആദ്യം ഉണ്ടായതെന്ന് തെളിവുകൾ സഹിതം നിരത്തുമ്പോൾ മറ്റുചിലർ കോഴിയാണ് ആദ്യമുണ്ടായതെന്ന് ഉറപ്പിച്ച് പറയുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ സയൻസ്. ഒആർജി എന്ന ശാസ്ത്ര വെബ്‌സൈറ്റ് ഈ ചോദ്യവുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ പുറത്തുവിടുകയുണ്ടായി.
സാധാരണയായി പക്ഷികളുടെ മുട്ടകൾ ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് അമ്‌നിയോട്ടുകളുടെ പരിണാമത്തോടെയാണ് ഉണ്ടായതെന്നാണ് പറയപ്പെടുന്നത്. അതായത് വെളളത്തിന്റെ ആവശ്യമില്ലാതെ ഭ്രൂണത്തെ കരയിൽ അതിജീവിക്കാൻ അനുവദിക്കുന്ന പ്രത്യേക സ്തരങ്ങളുളള മുട്ടകൾ ഇടുന്ന ജീവികളെയാണ് അമ്നിയോട്ടുകൾ എന്നറിയപ്പെടുന്നത്. അമ്നിയോട്ടിന് മുട്ടകൾ ഉണ്ടാകുന്നതിന് മുൻപ്, മിക്ക ജീവികൾക്കും അവയുടെ മുട്ടകൾക്ക് ബലം ലഭിക്കുന്നതിനായി ആദ്യം വെളളത്തിൽ സൂക്ഷിക്കണമായിരുന്നു.
എന്നാൽ അമ്നിയോട്ടിക് മുട്ടകൾക്കുളളിൽ അധികമായി മൂന്ന് പാളികൾ ഉണ്ട്. കോറിയോൺ, അമ്നിയോൺ, അലന്റോയിസ് എന്നിവയാണ് പാളികൾ. പോഷകങ്ങൾ നൽകുക, മാലിന്യങ്ങൾ നിയന്ത്രിക്കുക, ഭ്രൂണത്തെ ശ്വസിക്കാൻ അനുവദിക്കുക തുടങ്ങിയ പ്രത്യേകം ധർമ്മങ്ങൾ ഓരോ പാളികൾക്കുമുണ്ട്. സയൻസ്. ഒആർജിയിലെ വിവരങ്ങളനുസരിച്ച് ടെട്രോപോഡുകളുടെയും (നട്ടെല്ലുളളതും നാല് കാലുകളുളളതുമായ മൃഗങ്ങൾ) അമ്നിയോട്ടുകളുടെയും അവസാനത്തെ പൊതുപൂർവികർ ഏകദേശം 370 മുതൽ 340 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നു. ചില വിവരങ്ങളിൽ അമ്നിയോട്ടുകൾ 312 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് വരെ പ്രത്യക്ഷപ്പെട്ടതാണെന്നാണ്.
ഇന്ന് കാണപ്പെടുന്ന ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ തുടങ്ങിയ ജീവികളെല്ലാം ആദ്യകാല അമ്നിയോട്ടുകളിൽ നിന്ന് ഉണ്ടായതാണ്. അതിനാൽ മുട്ടകൾ കോഴികളെക്കാൾ വളരെക്കാലം നിലനിൽക്കും. ആദ്യത്തെ കോഴിയെ പ്രോട്ടോ ചിക്കൻ എന്നാണറിയപ്പെടുന്നത്. മുട്ടയ്ക്കുളളിൽ ഭ്രൂണത്തിൽ സംഭവിക്കുന്ന ജനിതക മാറ്റങ്ങളുടെ ഫലമായാണ് ഇത് ഉണ്ടാകുന്നതെന്നാണ് സയൻസ്.ഒർജിയിൽ വിശദീകരിക്കുന്നത്. രണ്ട് പ്രോട്ടോ ചിക്കനുകൾ ഇണചേരുകയും അവയുടെ ഡിഎൻഎകൾ സംയോജിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയിൽ ആദ്യ കോശത്തിൽ തന്നെ ചില മ്യൂട്ടേഷനുകൾ സംഭവിക്കും. ഭ്രൂണം വികസിക്കുമ്പോൾ ഈ മ്യൂട്ടേഷനുകൾ കൈമാറ്റം ചെയ്യപ്പെടും. അതിന്റെ ഫലമായി യഥാർത്ഥ കോഴി ജനിക്കുകയും ചെയ്യും.
ഇന്ത്യ, ചൈന, ഇന്തോനേഷ്യ എന്നിവയുൾപ്പടെയുളള ഏഷ്യയുടെ ചില ഭാഗങ്ങളിൽ വസിച്ചിരുന്ന ചുവന്ന കാട്ടുപക്ഷികളാണ് ആധുനിക കോഴികളുടെ പൂർവികർ എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഏകദേശം 10,000 വർഷങ്ങൾക്ക് മുൻപ് മനുഷ്യർ ചുവന്ന കാട്ടുപക്ഷികളെ വളർത്താൻ തുടങ്ങിയതായി പുരാവസ്തു തെളിവുകൾ സൂചിപ്പിക്കുന്നു. എന്നാൽ ജനിതക പഠനങ്ങൾ അനുസരിച്ച്, കോഴികൾ കാട്ടുകോഴികളിൽ നിന്ന് വേർപിരിഞ്ഞിട്ട് ഏകദേശം 58,000 വർഷങ്ങൾക്ക് മുൻപായിരിക്കും. കോഴികളുടെ കാലുകളിലെ മഞ്ഞ നിറം പോലുളള സ്വഭാവ സവിശേഷതകൾ ഗ്രേ ജംഗിൾഫൗൾ എന്ന മറ്റൊരു ഇനവുമായി ജീനുകൾ കലർന്നിരിക്കാമെന്നതിന് തെളിവുകളുണ്ട്.
കോഴിക്ക് മുമ്പ് മുട്ട
മുട്ടകൾ ഏകദേശം 340 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് പ്രത്യക്ഷപ്പെട്ടു. എന്നാൽ കോഴികൾ ഏകദേശം 58,000 വർഷങ്ങൾക്ക് മുൻപ് വളരെ വൈകിയാണ് പരിണമിച്ചത്. ഇത് കോഴികൾക്ക് മുൻപേ മുട്ടകൾ വന്നെന്ന് വ്യക്തമാക്കുന്നു. എന്നാൽ കോഴിമുട്ടയുടെ കാര്യത്തെക്കുറിച്ച് പറയുവാണെങ്കിൽ, മുട്ടത്തോട് ഒരു പ്രത്യേക പ്രോട്ടീൻ കാരണമാകാം ഉണ്ടായതെന്നാണ് ശാസ്ത്രജ്ഞർ വാദിക്കുന്നത്. കോഴിമുട്ടത്തോട് പ്രധാനമായും കാത്സ്യം കാർബണേറ്റ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.
ബ്രിസ്‌റ്റോൾ യൂണിവേഴ്‌സിറ്റിയിലെ ഒരി വിഭാഗം ഗവേഷകരും കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരുന്നു. നേച്ചർ ഇക്കോളജി ഇവല്യൂഷൻ എന്ന ജേണലിലാണ് ഗവേഷകർ തങ്ങളുടെ കണ്ടുപിടിത്തം പ്രസിദ്ധീകരിച്ചത്. സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ എന്നിവയുടെ ഉൽപ്പത്തി കട്ടിയുള്ള തോടോടു കൂടിയ മുട്ടയിലൂടെയാണെന്നാണ് ഇവർ പറയുന്നത്. അതായത് കോഴിക്ക് മുമ്പേ ഉണ്ടായത് മുട്ടയാണത്രേ. പഠനത്തിനായി 51 സ്‌പീഷീസുകളുടെ ഫോസിലുകൾ, നിലനിൽക്കപ്പെടുന്ന ജീവിവർഗങ്ങൾ എന്നിവയെയാണ് പരീക്ഷണവിധേയമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |