തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകർക്ക് സൗജന്യമായി സൗരോർജ്ജപമ്പുകൾ നൽകാനുള്ള കേന്ദ്രപദ്ധതിയായ പി.എം കുസും പദ്ധതിയിലെ കോടികളുടെ ക്രമക്കേടിനെക്കുറിച്ച് വൈദ്യുതി മന്ത്രിയോടുള്ള തന്റെചോദ്യങ്ങൾക്ക് അനർട്ടിന്റെ വിശദീകരണം പച്ചക്കള്ളമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അനർട്ടുവഴി നടന്ന കോടികളുടെ ഇടപാടുകളുടെ കമ്മിഷന്റെ ഉപഭോക്താക്കൾ ആരൊക്കെ എന്നത് താമസിയാതെ പുറത്തുവരും. ഇനിയും വൈദ്യുതി മന്ത്രിക്ക് ഒളിച്ചോടാനാവില്ല.അഴിമതിയുടെയും ക്രമക്കേടിന്റെയും സകലതെളിവുകളും രേഖകളും കൈയിലുണ്ട്. വിശദമായ അന്വേഷണത്തിന് മന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെകാലത്ത് പ്രതിപക്ഷനേതാവായിരിക്കെ ഞാൻ പുറത്തുകൊണ്ടുവന്ന ഒരു കൺസൾട്ടൻസി അഴിമതി ഇടപാട് നാടുനീളെ ന്യായീകരിച്ചു നടന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഉണ്ടായിരുന്നു.അദ്ദേഹത്തിന് എന്തു സംഭവിച്ചു എന്ന് നമ്മളെല്ലാം കണ്ടതാണ്. അതേഗതിതന്നെ ഈ ഉദ്യോഗസ്ഥനും സംഭവിക്കും.
240കോടിരൂപയുടെ ടെൻഡർ വിളിക്കുന്ന സമയത്ത് അനർട്ട് സി.ഇ.ഒയ്ക്ക് ടെൻഡർ നൽകാവുന്നു അധികാരപരിധി അഞ്ചുകോടിരൂപ മാത്രമായിരുന്നു. 240കോടിയുടെ ടെൻഡർ വിളിച്ചില്ല എന്നു പറഞ്ഞ് രക്ഷപ്പെടാനാണ് അനർട്ട് അധികാരികൾ ഇപ്പോൾ ശ്രമിക്കുന്നത്.കേരളത്തിന്റെ ഇടെൻഡർ പോർട്ടൽ കളവ് പറയില്ല.240കോടിക്കുള്ള ടെൻഡർ എന്ന് അതിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.അതുപോലെയാണ് ഫിനാൻഷ്യൽ ബിഡ് തിരുത്തിയതിനു നൽകുന്ന വിചിത്രമായ വിശദീകരണം.ബിഡ് തിരുത്തുക എന്നതിന്റെ അർത്ഥം തുകതിരുത്തുക എന്നാണ്.ബിഡ്ഡിലെ തുക തിരുത്തിയിട്ട് ക്ലറിക്കൽ മിസ്റ്റേക്ക് എന്നാണ് അനർട്ട് നൽകുന്ന വിശദീകരണം.
സി.എ.ജി റിപ്പോർട്ടിൽ ഈ ടെൻഡർ പ്രോസസ് അംഗീകരിച്ചു എന്ന അവകാശവാദവും കളവാണ്. ഈ കാലഘട്ടത്തിലെ ടെൻഡർ പ്രോസസിംഗ് പരിശോധിക്കുന്ന സി.എ.ജി റിപ്പോർട്ട് പുറത്തിറങ്ങിയില്ല. അതിനാൽ സർവീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ പച്ചക്കളവ് പറച്ചിലെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |