സന: യെമനിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരോ ശൈഖ് ഹബീബ് ഉമറിന്റെ ഓഫീസിൽ നിന്നോ മദ്ധ്യസ്ഥതയ്‌ക്കായി തങ്ങളെ സമീപിച്ചിട്ടില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്‌ദുൾ ഫത്താഹ് മഹ്‌ദി. യാതൊരു തരത്തിലുള്ള മദ്ധ്യസ്ഥ ചർച്ചയ്‌ക്കും തങ്ങൾ തയ്യാറല്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
ഇസ്ലാം സത്യത്തിന്റെ മതമാണെന്നും കളവ് പ്രചരിപ്പിക്കരുതെന്നും ഫത്താഹ് കുറിപ്പിൽ പറയുന്നു. മദ്ധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കില്ലെന്നും നീതി മാത്രമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല. ഇത് ഞങ്ങളുടെ രക്തമാണ്, ഞങ്ങളുടെ അവകാശവും. പ്രകോപനത്തിനും സത്യത്തെ വളച്ചൊടിക്കുന്നതിനും ഇടമില്ലെന്നും അദ്ദേഹം കുറിച്ചു. മലയാളം ചാനലുകളിലെ വാർത്തകളുടെ സ്‌ക്രീൻഷോട്ട് ഉൾപ്പെടെയാണ് മഹ്‌ദി പോസ്റ്റ് ഇട്ടിരിക്കുന്നത്.
നിമിഷപ്രിയയുടെ വധശിക്ഷയ്‌ക്ക് പുതിയ തീയതി നിശ്ചയിക്കണം എന്നാവശ്യപ്പെട്ട് തലാലിന്റെ സഹോദരൻ കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ ചിലർ ക്രെഡിറ്റ് ഏറ്റെടുക്കാൻ ശ്രമിച്ചെന്നും തങ്ങൾക്ക് ക്രെഡിറ്റ് വേണ്ടെന്നും കാന്തപുരം നേരത്തേ പറഞ്ഞിരുന്നു. പാലക്കാട് എസ്‌എസ്‌എഫ് സാഹിത്യോത്സവ വേദിയിലാണ് കാന്തപുരം ഇക്കാര്യം പറഞ്ഞത്. ക്രെഡിറ്റ് വേണ്ട കടമ മാത്രമാണ് നിർവഹിച്ചതെന്നും കാന്തപുരം പറഞ്ഞു. നിർബന്ധിച്ച് മതപരിവർത്തനം നടത്തുന്നത് തങ്ങളുടെ പണിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വ്യക്തി കൊല്ലപ്പെട്ടാൽ അതിൽ മാപ്പ് കൊടുക്കാനുള്ള അധികാരം കുടുംബങ്ങൾക്കുണ്ട്. ഒന്നും വാങ്ങാതെയും പണം വാങ്ങിയും മാപ്പ് കൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |