തൃശൂർ: ജാഗ്രതയുണ്ടെങ്കിൽ അകറ്റി നിറുത്താനാവുന്ന എലിപ്പനി നിശബ്ദ കൊലയാളിയാകുന്നു. ആരോഗ്യ വകുപ്പിന്റെ 2020 മുതലുള്ള കണക്ക് പരിശോധിച്ചാൽ കഴിഞ്ഞ മാസം വരെ കേരളത്തിൽ എലിപ്പനി ബാധിച്ച് മരിച്ചത് 516 പേരാണ്. കഴിഞ്ഞ വർഷം 2,479 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോൾ 143 പേർ മരിച്ചു.
2020ൽ 1,007 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോൾ 31 പേരാണ് മരിച്ചത്. നാല് വർഷത്തിനുള്ളിൽ മരണം കുതിച്ചുയർന്നു. എലിപ്പനി ബാധിച്ച് ഈ വർഷം കഴിഞ്ഞ ജൂലായ് വരെ 88 മരണം സ്ഥിരീകരിച്ചു. ഇതിൽ 23 പേരും മരിച്ചത് കഴിഞ്ഞ മാസമാണ്. കഴിഞ്ഞ മാസം മാത്രം 287 കേസ് റിപ്പോർട്ട് ചെയ്തു. ജൂൺ, ജൂലായ് മാസങ്ങളിലാണ് പകുതിയോളം മരണവും. മഴയും വെള്ളക്കെട്ടുമാണ് രോഗത്തിന് കാരണം. രോഗം പെട്ടെന്ന് ഗുരുതരമായ സ്ഥിതിയിലേക്കെത്തുകയായിരുന്നു.
എലിപ്പനി
വരുന്നത്
എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായോ മണ്ണുമായോ സമ്പർക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളിൽ കൂടെയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നു. മൃഗങ്ങളുടെ മൂത്രത്തിൽ കാണപ്പെടുന്ന ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയയാണ് രോഗം പടർത്തുന്നത്.
വർഷം,
മരണം:
2020 - 31
2021 - 58
2022 - 93
2023 - 103
2024 - 143
2025 - 88
ശ്രദ്ധിച്ചാൽ രക്ഷപ്പെടാവുന്ന ഒരു രോഗം മൂലമാണ് ആളുകൾ മരിക്കുന്നത് .ഇത് പ്രതിരോധ മരുന്നു കൊണ്ട് തടയാൻ കഴിയുന്ന രോഗമല്ല. ശ്രദ്ധ മാത്രം മതി. കാലിലും മറ്റും മുറിവുള്ളവർ കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങുമ്പോൾ പ്ലാസ്റ്റിക് കവറോ മറ്റോ ചുറ്റി സുരക്ഷിതമാക്കണം.
-ഡോ.സാന്ദ്ര പോൾസൻ
അസി. പ്രൊഫസർ
അമല മെഡി. കോളേജ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |