തിരുവനന്തപുരം: അദ്ധ്യാപകർക്ക് ഉറക്കമിളച്ചിരുന്ന് ദിവസങ്ങളെടുത്ത് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് നോക്കേണ്ട. മിനിട്ടുകൾക്കുള്ളിൽ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തി മാർക്കിട്ട് നൽകുന്ന എ.ഐ അധിഷ്ഠിത മൊബൈൽ ആപ്പ് റെഡി. വികസിപ്പിച്ചത് സോഫ്റ്റ്‌വെയർ ഡെവലപ്പറായ തിരുവനന്തപുരം കേശവദാസപുരം സ്വദേശി ഐശ്വര്യ.എസ്. ലാൽ. പേര് റെഡ് ഇങ്ക്.
പരീക്ഷയുടെ ഉത്തരസൂചികയും വിദ്യാർത്ഥികളുടെ ഉത്തരക്കടലാസും സ്കാൻ ചെയ്ത് പി.ഡി.എഫ് രൂപത്തിൽ ആപ്പിൽ അപ്‌ലോഡ് ചെയ്യണം. ചോദ്യങ്ങൾക്ക് അനുസൃതമായ ഉത്തരങ്ങൾ ആപ്പ് വിശകലനം ചെയ്ത് മാർക്ക് നൽകും. നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്നതിനാൽ ആശയം ഗ്രഹിച്ച് വിശകലന രൂപത്തിൽ എഴുതിയ ഉത്തരങ്ങൾക്കും കൃത്യമായി മാർക്കിടാൻ ആപ്പിനാകും. മാർക്ക് കുറഞ്ഞാൽ അതിന്റെ കാരണവും വ്യക്തമാക്കും.
അച്ഛൻ അജയലാലിന്റെ സ്ഥാപനമായ സൂപ്പർസോഫ്റ്റ് എന്ന സോഫ്റ്റ്‌വെയർ ഗവേഷണ വികസന കേന്ദ്രത്തിന് വേണ്ടിയാണ് ഐ.ടി എൻജിനിയറിംഗ് ബിരുദധാരിയായ ഐശ്വര്യ ആപ്പ് വികസിപ്പിച്ചത്. അദ്ധ്യാപകരുടെ ജോലിഭാരം ഇതിലൂടെ കുറയ്ക്കാനാകും. ശശിലേഖയാണ് ഐശ്വര്യയുടെ അമ്മ. സഹോദരി അഖില.
സ്കൂളുകളുമായി
സഹകരിക്കും
പ്ലേസ്റ്റോറിൽ ആപ്പ് സൗജന്യമായി ലഭിക്കും. സ്കൂളുകളുമായി സഹകരിക്കുന്നതും ആലോചനയിലുണ്ടെന്ന് ഐശ്വര്യ പറഞ്ഞു. 1990 മുതൽ മലയാളം കമ്പ്യൂട്ടിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സൂപ്പർസോഫ്റ്റ്. മലയാളം ഡി.ടി.പി സോഫ്റ്റ്‌വെയർ 'തൂലികയും' മലയാളത്തിലെ ആദ്യ യൂണികോഡ് ഫോണ്ടായ 'തൂലിക യൂണികോഡും' വികസിപ്പിച്ചത് സൂപ്പർസോഫ്റ്റാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |