കോഴിക്കോട്:പനി ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഓമശേരി സ്വദേശി മൂന്നുമാസം പ്രായമായ കുഞ്ഞിനും അന്നശേരി സ്വദേശി നാൽപ്പതുകാരനും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.കൂടുതൽ പരിശോധനയ്ക്കായി കുഞ്ഞിന്റെ സ്രവം ചണ്ഡീഗണ്ഡിലെ വെെറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണെന്നും മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് അരുൺ പ്രീത് പറഞ്ഞു.14 ദിവസം മുമ്പാണ് കുഞ്ഞിനെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്.രോഗം സ്ഥിരീകരിച്ച നാൽപ്പതുകാരന്റെ സ്രവവും കൂടുതൽ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.ജില്ലയിൽ അമീബിക് രോഗലക്ഷണങ്ങളുമായി നിരവധി പേർ ചികിത്സ തേടുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.അതേസമയം ഉറവിടം കണ്ടെത്തുന്നതിൽ സങ്കീർണതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.കഴിഞ്ഞ ദിവസം താമരശേരി ആനപ്പാറ പൊയിൽ സനൂപിന്റെ മകൾ അനയ രോഗം ബാധിച്ച് മരിച്ചിരുന്നു.തുടർന്ന് അവിടെയുള്ള ജലാശയങ്ങളിൽ കുളിക്കരുതെന്ന ജാഗ്രത നിർദ്ദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |