കണ്ണൂർ: ഉത്തരമേഖല ഡി.ഐ.ജിയുടെ നേതൃത്വത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ വെള്ളിയാഴ്ച്ച രാത്രി നടത്തിയ പരിശോധനയിൽ വീണ്ടും മൊബൈൽ ഫോണുകൾ പിടികൂടി. മൂന്ന് മൊബൈൽ ഫോണുകളും ഒരു ചാർജറും ഒരു ഇയർഫോണുമാണ് കണ്ടെത്തിയത്. ജയിൽ സൂപ്രണ്ട് കെ. വേണുവിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് വിമർശനം ഉയർന്നതോടെയാണ് എല്ലാ ആഴ്ചയും പരിശോധന ശക്തമാക്കിയത്. ന്യൂ ബ്ലോക്കിലെ ടാങ്കിനടിയിൽ ഒളിപ്പിച്ച നിലയിലാണ് ഒരു ഫോൺ കണ്ടെടുത്തിയത്. ആറാം ബ്ലോക്കിൽ കല്ലിനടിയിലും കുളിമുറിയിലെ ജനാലയിൽ ഒളിപ്പിച്ച നിലയിലുമാണ് മറ്റ് മൊബൈലുകൾ കണ്ടെടുത്തത്.
അതേസമയം,മൂന്ന് ദിവസം മുൻപ് നടത്തിയ പരിശോധനയിൽ ഒരു മൊബൈൽഫോണും ഒരാഴ്ച മുമ്പ് സ്മാർട്ട് ഫോണും പിടികൂടിയിരുന്നു. ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കിയെന്ന് അധികൃതർ പറയുമ്പോഴും ഗുരുതര വീഴ്ചയാണ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |