തൃശൂർ: കെ.കരുണാകരന്റെ ശാപം കിട്ടിയ കോൺഗ്രസ് നേതാക്കളൊക്കെ രാഷ്ട്രീയത്തിൽ താഴോട്ട് പോയിക്കൊണ്ടിരിക്കുകയാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ പറഞ്ഞു. സാഹിത്യ അക്കാഡമി ഹാളിൽ എം.എ.ജോൺ സ്മാരക സമിതി പ്രഥമ പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വി.ഡി.സതീശന് ഒരിക്കലും കരുണാകരന്റെ ശാപം കിട്ടിയിട്ടില്ല. അതുകൊണ്ടാണ് സമയം വരുമ്പോൾ പ്രമോഷൻ കിട്ടുന്നത്. ഒരു കാലത്ത് ഞങ്ങളെ പിൻബഞ്ചിലിരുത്തിയവരൊക്കെ ഇപ്പോൾ പിൻബഞ്ചിലായി. തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോൾ നേരിട്ട് സംവാദം നടത്തിയ സതീശന് യു.ഡി.എഫ് ജയിച്ചപ്പോൾ മന്ത്രിസ്ഥാനം നൽകാതെ തള്ളുകയായിരുന്നു. ഇന്ന് പ്രവർത്തനത്തേക്കാൾ കൂടുതൽ പബ്ലിസിറ്റിയാണ് പല നേതാക്കളും ആഗ്രഹിക്കുന്നത്. സതീശൻ അങ്ങനെയല്ല.
ക്രമക്കേട് നടത്തിയല്ല ജയിക്കേണ്ടത്: വി.ഡി.സതീശൻ
വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയും ആളുകളെ പറ്റിച്ചുമല്ല തിരഞ്ഞെടുപ്പുകൾ ജയിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പ് ശരിയായ രീതിയിൽ നടത്തി ജയിക്കണം. സാഹിത്യ അക്കാഡമി ഹാളിൽ പ്രഥമ എം.എ.ജോൺ സ്മാരക പുരസ്‌കാരം മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരനിൽ നിന്നും ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിളക്കമാർന്ന വിജയം കൈവരിച്ചില്ലെങ്കിൽ വനവാസത്തിന് പോകുമെന്ന് പറഞ്ഞതിന് പാർട്ടി വിടുമെന്നർത്ഥമില്ല. അടുത്ത തിരഞ്ഞെടുപ്പിൽ മികച്ച വിജയമുണ്ടായില്ലെങ്കിൽ പാർട്ടിക്ക് പിന്നൊരു ഭാരമാകില്ല, വനവാസത്തിന് വിടാതെ നോക്കേണ്ടത് തൃശൂരിലെ കോൺഗ്രസുകാരാണ്. നിലവിൽ 13ൽ ഒരു സീറ്റ് മാത്രമാണ് തൃശൂരിലുള്ളത്. അതിനാൽ തൃശൂരിലെ പ്രവർത്തനം സജീവമാക്കുകയാണെന്നും വി.ഡി.സതീശൻ വ്യക്തമാക്കി. എം.എ.ജോൺ സ്മാരക സമിതി ചെയർമാൻ കെ.വി.ദാസൻ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |