കൊച്ചി: തെറ്റായ കാരണം പറഞ്ഞ് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ഇൻഷ്വറൻസ് തുക നിഷേധിച്ച സ്വകാര്യ ഇൻഷ്വറൻസ് കമ്പനിയുടെ നടപടിയിൽ ഉപഭോക്താവിന് അനുകൂല വിധി. ക്ലെയിം അപേക്ഷ പുന:പരിശോധിച്ച് 30 ദിവസത്തിനകം ന്യായമായ തുക നിശ്ചയിച്ച് അനുവദിക്കാൻ കൊച്ചിയിലെ ഇൻഷ്വറൻസ് ഓംബുഡ്സ്മാൻ ഉത്തരവിട്ടു. വീഴ്ച വരുത്തിയാൽ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി.
'കെയർ' ഹെൽത്ത് ഇൻഷ്വറൻസിനെതിരെ തിരുവനന്തപുരം കണ്ണമ്മൂല സ്വദേശി സി.രതീഷ് കുമാർ നൽകിയ പരാതിയിലാണ് ഓംബുഡ്സ്മാൻ പ്രദീപ് കുമാർ ജെയിനിന്റെ നടപടി. ഹർജിക്കാരൻ കെയർ കമ്പനിയിൽ 3 ലക്ഷത്തിന്റെ ഗ്രൂപ്പ് ഇൻഷ്വറൻസിന് ചേർന്നിരുന്നു. ഇതിനിടയിലാണ് ഗുരുതര കരൾ രോഗം നിർണയിച്ചത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രി അവയവമാറ്റ ശസ്ത്രക്രിയ നിർദ്ദേശിച്ചു. എന്നാൽ, പ്രാഥമികമായി ചെലവായ 2.16 ലക്ഷം രൂപ ഇൻഷ്വറൻസ് കമ്പനി നിഷേധിച്ചതിനാൽ, ബാക്കി തുകയും ക്ലെയിം ചെയ്യാനായില്ല. ലഹരി ഉപയോഗമാണ് രോഗ കാരണമെന്ന വാദം ഉന്നയിച്ചാണ് തുക നിഷേധിച്ചത്. എന്നാൽ, ഹർജിക്കാരന്റെ രോഗം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടതല്ലെന്ന് ഓംബുഡ്മാൻ വിലയിരുത്തി. മെഡിക്കൽ റിപ്പോർട്ടിൽ അങ്ങനെയൊരു സൂചനയില്ല. രേഖകൾ വേണ്ടവിധം പരിശോധിക്കാതെയാണ് ക്ലെയിം നിഷേധിച്ചതെന്നും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |