നായ്‌ക്കളെയും പൂച്ചകളെയും ഏറെ ഇഷ്ടപ്പെടുന്ന നിരവധി പേർ നമ്മുടെ രാജ്യത്തുണ്ട്. ഒരുപാട് പേർ ഇവയെ വീട്ടിൽ വളർത്താറുമുണ്ട്. എന്നാൽ തെരുവ് നായ ശല്യം പലയിടത്തും രൂക്ഷമായിരിക്കുകയാണ്. കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും നിരവധി പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. ചിലർ മരിച്ചിട്ടുണ്ട്. ഡൽഹിയിൽ സ്ഥിതി ഏറെ ഗുരുതരമാണ്. രണ്ട് മാസം കൊണ്ട് ഡൽഹി തെരുവുകളിലെ നായ്ക്കളെയെല്ലാം ഷെൽട്ടർ ഹോമിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടി സദ.
ഈ ചുരുങ്ങിയ കാലയളവിൽ ലക്ഷക്കണക്കിന് നായ്ക്കളെ ഒരിക്കലും ഷെൽട്ടർ ഹോമിലേക്ക് മാറ്റാനാകില്ലെന്ന് നടി പറയുന്നു. നായ്ക്കളെ കൊല്ലുകയെന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നതെന്നും ചങ്ക് തകരുകയാണെന്നും അത് അംഗീകരിക്കാനാകില്ലെന്നാണ് നടി പറയുന്നത്.
നടിയുടെ വാക്കുകൾ
'ഒരു പെൺകുട്ടി പേവിഷ ബാധ മൂലം മരിച്ച സംഭവമുണ്ട്. അതിനെത്തുടർന്ന് മൂന്ന് ലക്ഷത്തോളം നായ്ക്കളെ മാറ്റിപ്പാർപ്പിക്കുകയോ കൊല്ലുകയോ ചെയ്യും. സർക്കാരിനോ തദ്ദേശ സ്ഥാപനങ്ങൾക്കോ ചുരുങ്ങിയ സമയത്തിനുള്ളിൽ നായ്ക്കളെ ഉൾക്കൊള്ളാൻ കഴിയുന്ന ഷെൽട്ടറുകൾ ഉണ്ടാക്കുകയെന്നത് സാദ്ധ്യമല്ല. ഇതുകൊണ്ടുതന്നെ നായ്ക്കളുടെ കൂട്ടക്കൊലയാകും നടക്കുക.
നായ്ക്കൾക്ക് വാക്സിൻ നൽകാനോ വന്ധ്യം കരിക്കാനോ കഴിയാത്ത സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കഴിവില്ലായ്മയാണ് ഈ അവസ്ഥയ്ക്ക് കാരണം. ആനിമൽ ബർത്ത് കൺട്രോൾ എന്ന പ്രോഗ്രാം വർഷങ്ങളായി ഉണ്ട്. എന്നാൽ ഇതിന് പ്രത്യേക ബഡ്ജറ്റ് വകയിരുത്തിയിട്ട് കൃത്യമായി നടപ്പിലാക്കിയിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു.
എന്ത് ചെയ്യണമെന്ന് അറിയില്ല. ഏത് അധികാരികളെ സമീപിക്കണമെന്നോ എവിടെ പോയി പ്രതിഷേധിക്കണമെന്നോ എനിക്കറിയില്ല. പക്ഷേ എനിക്ക് പറയാൻ സാധിക്കുന്ന ഒരേയൊരു കാര്യമുണ്ട്. ഇത് എന്നെ ഉള്ളിൽ നിന്ന് കൊല്ലുന്നു എന്നതാണ്. ഇത് ഒട്ടും ശരിയല്ല. നമ്മളെ ഓർത്ത് ലജ്ജ തോന്നുന്നു. നമ്മുടെ രാജ്യത്തെ ഓർത്ത് ലജ്ജ തോന്നുന്നു. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് വീണ്ടും ചിന്തിക്കാത്തവരെ ഓർത്ത് ലജ്ജ തോന്നുന്നു. ദയവായി ഈ തീരുമാനം പിൻവലിക്കണം.'- നടി പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് നടി സംസാരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |