ജയിൽ സൂപ്രണ്ട് അനുമതി നിഷേധിച്ച മാവോയിസ്റ്റ് രൂപേഷിന്റെ നോവൽ പ്രസിദ്ധീകരിക്കുന്നതിനെ പിന്തുണച്ച് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ. ഈ നോവലിന് അനുമതി നിഷേധിക്കാനുള്ള ഒരു കാരണമായി പറയുന്നത് തന്റെ പേര് ഉപയോഗിച്ചു എന്നതാണ്. എന്നാൽ തനിക്ക് അതിൽ യാതൊരുവിധ പ്രശ്നവുമില്ലെന്ന് സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
സച്ചിദാനന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്;
രൂപേഷ് എഴുതിയ ഒരു നോവല്‍ ചര്‍ച്ചയില്‍ ഉണ്ടല്ലോ. രാഷ്ട്രീയ തടവുകാര്‍ - ഗാന്ധി, നെഹ്‌റു, ഹോ ചി മിന്‍ , മേരി ടൈലര്‍.... ജയിലില്‍ വച്ച് ധാരാളം രചനകള്‍ നടത്തുകയും അവ പുറത്തു വരികയും ചെയ്തിട്ടുണ്ട്. ' ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍ ' എന്ന ഈ കൃതിയെ സംബന്ധിച്ച് ജയില്‍ മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്ന കുഴപ്പങ്ങള്‍ ഒന്നും ഈ നോവലിന്റെ പിഡിഎഫ് വായിച്ച ഞാന്‍ കണ്ടില്ല. ഇത് ഒരു നോവല്‍ , ഒരു ഭാവനാസൃഷ്ടി ആണ് ലേഖനം അല്ല. എന്നാല്‍ ജയില്‍ മേധാവി ഇതിനെ ഒരു വിമര്‍ശനപ്രബന്ധം പോലെ വായിച്ചതായി തോന്നുന്നു. അതുകൊണ്ടാണ് ജയിലിലെ ശകാരം, ഭരണവിമര്‍ശനം തുടങ്ങിയവയെ പ്രത്യക്ഷമായ അര്‍ത്ഥത്തില്‍ എടുത്തത്.
അനുമതി നിഷേധിക്കാന്‍ പല കാരണങ്ങളില്‍ ഒന്നായി പറയുന്നത് ഇതിലെ പ്രധാന കഥാപാത്രം ഈ എഴുതുന്ന ആള്‍ ആണ് എന്നതാണ്. അയാളുടെ പേര് ഒരിടത്ത് ' സച്ചി' എന്ന് പറയുന്നു, സച്ചിദാനന്ദന്റെ കവിതകള്‍ ഉദ്ധരിക്കുന്നു- ഇതൊക്കെ ചില പത്രങ്ങളിലും കണ്ടു. എന്നെ അറസ്റ്റു ചെയ്തിട്ടില്ല എന്ന് കൂടി പറയുന്നത് കണ്ടു. അങ്ങനെ പറയുന്നവര്‍ 43 വര്‍ഷം മുന്‍പുള്ള ഇരിഞ്ഞാലക്കുട പൊലീസ് സ്റ്റേഷനിലെ ഫയലുകള്‍ പരിശോധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
പരിശോധിക്കുമ്പോള്‍, എന്റെ കുറ്റങ്ങളില്‍ ഒന്ന്, ഞാന്‍ തന്നെ പരിഭാഷാ ചെയ്ത, ഇപ്പോള്‍ കേരളത്തിലെ എല്ലാ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും ആലപിക്കുന്ന, സാര്‍വദേശീയഗാനം പാടി മാര്‍ച്ച് ചെയതു എന്നത് ആണെന്നും കാണും. ഞാന്‍ ജയിലില്‍ കിടന്നില്ല എന്നതിന് കാരണം യാദൃച്ഛികമാണ്. അന്നത്തെ തൃശ്ശൂര്‍ കളക്ടര്‍ എന്റെ ക്ലാസ്സ് മേറ്റും ഹോസ്റ്റലില്‍ റൂം മേറ്റും ആയിരുന്ന, കര്‍ണ്ണാടകയില്‍ വച്ച് കൊല്ലപ്പെട്ട, സി. ടി. സുകുമാരന്‍ ആയിരുന്നു എന്നതും, സുകുമാരന്റെ നിര്‍ദേശത്തില്‍ ആര്‍. ഡി ഒ. (ഞങ്ങളെ വൈകി എത്തിക്കാന്‍ പോലീസ് ശ്രദ്ധിച്ചിട്ടും) ഞാന്‍ ഉള്‍പ്പെട്ട നാലു പേര്‍ക്കും ( ഒരു വക്കീല്‍, ഒരു പത്രാധിപര്‍, എന്റെ ഒരു വിദ്യാര്‍ത്ഥി) ജാമ്യം തന്നതും ആണ്.
എനിക്ക് ജാമ്യം നില്‍ക്കാന്‍ അന്ന് ഞാന്‍ പഠിപ്പിച്ചിരുന്ന ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. വിവിയന്‍ ഇരിഞ്ഞാലക്കുട പൊലീസ് സ്റ്റേഷനിലേയ്ക്ക് ഫോണ്‍ ചെയ്തിരുന്നുവെ ങ്കിലും. പിന്നീട് ഞങ്ങള്‍ കേസ് കൊടുത്തതും കോടതി പൊലീസിന് താക്കീത് നല്‍കിയതും ചരിത്രം. ഇപ്പോള്‍ ഈ കഥ ഓര്‍ത്തത്, രൂപേഷ് ജയിലില്‍ വെച്ച് എഴുതിയ നോവല്‍ പ്രസിദ്ധീകരിക്കാന്‍ എനിക്ക് ഒരു വിരോധവും ഇല്ല എന്ന് അറിയിക്കാന്‍ ആണ്. ഇക്കാര്യത്തില്‍ ഞാന്‍ വൈശാഖന്‍, കെ.ജി. ശങ്കരപ്പിള്ള, സുനില്‍ പി. ഇളയിടം , മീനാ കന്ദസാമി, ബി. രാജീവന്‍, പി. എന്‍. ഗോപീകൃഷ്ണന്‍, അശോകന്‍ ചരുവില്‍, അന്‍വര്‍ അലി, എസ്. ഗോപാലകൃഷ്ണന്‍, കുരീപ്പുഴ ശ്രീകുമാര്‍, കെ. പ്രകാശ് ബാബു എന്നിവര്‍ക്കു ഒപ്പമാണ്.'- സച്ചിദാനന്ദൻ കുറിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |