ചെന്നൈ: മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ തമിഴ് നാട് ഗവർണർ ആർ.എൻ. രവിയിൽ നിന്ന് ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് വിദ്യാർത്ഥിനി. മൈക്രോ ഫിനാൻസിൽ പി.എച്ച്.ഡി നേടിയ ജീൻ ജോസഫാണ് ബിരുദം സ്വീകരിക്കാൻ തയ്യാറാകാത്തത്. ഗവർണർ തമിഴ് നാടിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നായിരുന്നു വിദ്യാർത്ഥിനിയുടെ ആരോപണം. സർവകലാശാലയുടെ വൈസ് ചാൻസലറായ എം.ചന്ദ്രശേഖറിൽ നിന്നായിരുന്നു ജീൻ ജോസഫ് ബിരുദം സ്വീകരിച്ചത്. ചടങ്ങിനിടെ ഗവർണറെ മറികടന്ന് വൈസ് ചാൻസലറുടെ അടുത്തേക്ക് പോയ ജീൻ ജോസഫിനെ ഗവർണർ തിരുത്താൻ ശ്രമിച്ചു. എന്നാൽ വിദ്യാർത്ഥിനി അത് ഗൗനിച്ചില്ല. പിന്നീട് ഗവർണറും തലയാട്ടി സമ്മതം മൂളുകയായിരുന്നു.
‘‘ആർ.എൻ. രവി തമിഴ്‌നാടിനും സംസ്ഥാനത്തെ ജനങ്ങൾക്കും എതിരാണ്. അദ്ദേഹം തമിഴ് ജനതയ്‌ക്കായി ഒന്നും ചെയ്‌തിട്ടില്ല. എനിക്ക് അദ്ദേഹത്തിൽ നിന്ന് എന്റെ ബിരുദം സ്വീകരിക്കാൻ ആഗ്രഹമില്ലായിരുന്നു’’ എന്നാണ് ജീൻ ജോസഫ് പ്രതികരിച്ചത്. വിദ്യാർത്ഥിനിയുടെ ഭർത്താവ് എം രാജൻ ഡി.എം.കെ ഭാരവാഹിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |