ന്യൂഡൽഹി: യുദ്ധക്കൊതി നിറഞ്ഞ വാചകമടി നിയന്ത്രിക്കണമെന്ന് പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. ഇല്ലെങ്കിൽ വേദനാജനകമായ പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ. സിന്ധു നദീജല കരാർ മരവിപ്പിച്ചത് പിൻവലിച്ചില്ലെങ്കിൽ ആണവാക്രമണം നടത്തുമെന്ന പാക് സേനാ മേധാവി അസിം മുനീറിന്റെ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയ്‌ക്കെതിരെ അശ്രദ്ധവും വിദ്വേഷവും നിറഞ്ഞ പരാമർശങ്ങൾ തുടരുന്നതായി കണ്ടു. സ്വന്തം പരാജയങ്ങൾ മറയ്ക്കാൻ ഇന്ത്യാവിരുദ്ധ വാചകമടി നടത്തുന്നത് പാകിസ്ഥാന്റെ പതിവാണ്. സാഹസത്തിന് മുതിർന്നാൽ ഓപ്പറേഷൻ സിന്ദൂറിൽ ഉണ്ടായതുപോലെ വേദനാജനകമായ പ്രത്യാഘാതങ്ങളുണ്ടാകും. സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട ആർബിട്രേഷൻ കോടതിവിധി ഇന്ത്യ അംഗീകരിക്കുന്നില്ല. കരാർ കോടതിയുടെ അധികാര പരിധിയിലല്ല.
ഇന്ത്യ- യു.എസ് ബന്ധം പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം നിരവധി മാറ്റങ്ങളും വെല്ലുവിളികളും അതിജീവിച്ചിട്ടുണ്ടെന്നും താരിഫ് തർക്കങ്ങൾ പരാമർശിക്കവേ രൺധീർ പറഞ്ഞു. ഈമാസം യു.എസ് പ്രതിരോധനയ സംഘം ഇന്ത്യ സന്ദർശിച്ചേക്കും. ഇന്ത്യ- യു.എസ് 2+2 ഇന്റർസെഷണൽ യോഗവും നടക്കും. യു.എസിലെ അലാസ്‌കയിൽ 21-ാമത് ഇന്ത്യ- യു.എസ് സംയുക്ത സൈനിക അഭ്യാസം അരങ്ങേറുന്നുണ്ടെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |