പൂക്കോട് വെറ്ററിനറി കോളേജിൽ അതിക്രൂരമായ റാഗിംഗിന് ഇരയായി, മരിച്ച നിലയിൽ കാണപ്പെട്ട സിദ്ധാർത്ഥിനെക്കുറിച്ചുള്ള ഓർമ്മകളുടെ കണ്ണീരുണങ്ങിയിട്ടില്ല. അതിനു ശേഷവും, എത്രയോ കാമ്പസുകളിൽ നിന്ന് റാഗിംഗിന്റെ പേരിൽ അരങ്ങേറുന്ന പീഡനമുറകളുടെ വാർത്തകൾ വന്നു! കോളേജുകളിൽ മാത്രമല്ല, ഹൈസ്കൂൾ ക്ളാസുകളിൽപ്പോലും റാഗിംഗ് എന്ന തെമ്മാടിത്തം വാഴുന്നു. റാഗിംഗ് വിരുദ്ധ സമിതികളുടെയും അദ്ധ്യാപകരുടെയും വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെയും കൺമുന്നിൽത്തന്നെയാണ് ഇതെല്ലാം എന്നതാണ് ഏറ്റവും വിചിത്രവും ദു:ഖകരവും. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ റാഗിംഗ് വിരുദ്ധ നിയമത്തെ ഭേദഗതികളിലൂടെ കൂടുതൽ ശക്തവും കാര്യക്ഷമവും ആക്കാനൊരുങ്ങുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗിന് ഇനി കടുത്ത ശിക്ഷ നേരിടേണ്ടി വരും. നിലവിൽ രണ്ടുവർഷം വരെ തടവും 10,000 രൂപ പിഴയും ലഭിച്ചിരുന്ന സ്ഥാനത്ത്, പുതിയ ഭേദഗതി ബിൽ പ്രകാരം മൂന്നുവർഷം വരെ തടവും 25,000 രൂപ വരെ പിഴയുമാണ് ശിക്ഷ നിർദ്ദേശിച്ചിരിക്കുന്നത്. ഇന്റർനെറ്റ് വഴിയുള്ള ഡിജിറ്റൽ റാഗിംഗ് ഉൾപ്പെടെ എല്ലാത്തരം റാഗിംഗുകളും ഇനി കോഗ്നിസബിൾ കുറ്റകൃത്യങ്ങളായി കണക്കാക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമ ഭേദഗതി നിർദ്ദേശങ്ങൾ. കേരള റാഗിംഗ് നിരോധന (ഭേദഗതി) ബില്ലിന്റെ (2025) കരട് തയ്യാറായിട്ടുണ്ട്. നിലവിലുള്ള 1998-ലെ കേരള നിരോധന റാഗിംഗ് നിയമം ഭേദഗതി ചെയ്യാനാണ് പുതിയ ബിൽ. യു.ജി.സി ചട്ടങ്ങളും സംസ്ഥാന നിയമങ്ങളും തമ്മിലുള്ള നിയമപരമായ ചോദ്യങ്ങൾ നിലനിൽക്കുന്നതിനാൽ നിയമ വകുപ്പിന്റെ അഭിപ്രായവും തേടിയിട്ടുണ്ട്.
പുതിയ ബില്ലിന്റെ പ്രത്യേകതകൾ
റാഗിംഗിന്റെ നിർവചനം വിപുലീകരിക്കുകയും സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വിപുലീകരിച്ച നിർവചനം അനുസരിച്ച് , ശാരീരികവും വാക്കാലുള്ളതുമായ അതിക്രമങ്ങൾക്കപ്പുറം, റാഗിംഗ് ആയി കണക്കാക്കുന്ന പ്രവർത്തനങ്ങളുടെ വിപുലമായ ഒരു പട്ടിക ബിൽ അവതരിപ്പിക്കുന്നു. നിർദിഷ്ട സെക്ഷൻ 2 (b)(iii) പ്രകാരം 19 വിഭാഗം കുറ്റകൃത്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
റാഗിംഗിനായുള്ള പ്രേരണ, ഗൂഢാലോചന, നിയമവിരുദ്ധമായ ഒത്തുചേരൽ.
ലൈംഗിക കുറ്റകൃത്യങ്ങൾ, ഭീഷണിപ്പെടുത്തൽ, ക്രിമിനൽ ഭീഷണി.
പുതിയ വിദ്യാർത്ഥികളെ മദ്യം അല്ലെങ്കിൽ എൻ.ഡി.പി.എസ് നിയമ പ്രകാരം നിരോധിച്ചിട്ടുള്ള ലഹരിവസ്തുക്കൾ നിർബന്ധിച്ച് കഴിപ്പിക്കുക.
ഇന്റർനെറ്റ്, ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ മാർഗങ്ങളിലൂടെയുള്ള ഉപദ്രവം.
ജില്ലാ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിലുള്ള ജില്ലാതല ആന്റി റാഗിംഗ് കമ്മിറ്റികൾ.
ഓരോ സ്ഥാപനത്തിലും ആന്റി റാഗിംഗ് കമ്മിറ്റികൾ, സ്ക്വാഡുകൾ, മെന്ററിംഗ് സെല്ലുകൾ.
സംസ്ഥാനതല മോണിറ്ററിംഗ് സെല്ലും സംസ്ഥാന നോഡൽ ഓഫീസറും.
നടപടി ഉടനടി
സ്ഥാപന മേധാവികൾക്ക് റാഗിംഗ് പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ നടപടിയെടുക്കണം. പ്രാഥമിക തെളിവുകൾ ഉണ്ടെങ്കിൽ പ്രതിയായ വിദ്യാർത്ഥിയെ ഉടൻ സസ്പെൻഡ് ചെയ്യണം. കൂടുതൽ നടപടികൾക്കായി പൊലീസിനെ അറിയിക്കണമെന്നത് നിർബന്ധമാണ്.
സ്ഥാപനപരമായ ഉത്തരവുകൾക്കെതിരായ ഒരു ഘടനാപരമായ അപ്പീൽ സംവിധാനം പുതിയ സെക്ഷൻ 6-B നൽകുന്നു. ദുരുദ്ദേശ്യത്തോടെ നൽകുന്ന വ്യാജ പരാതികൾക്ക് പുതുതായി ചേർത്ത സെക്ഷൻ 6-C പ്രകാരം ആറുമാസം വരെ തടവോ പിഴയോ ലഭിക്കും.
സദുദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് സംരക്ഷണം ഉറപ്പാക്കുന്ന നിർദ്ദേശങ്ങൾ ബില്ലിലുണ്ട്. നിയമപ്രകാരം സദുദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന പൊതുപ്രവർത്തകരെയും സ്ഥാപന അധികാരികളെയും സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാത്ത പ്രോസിക്യൂഷനിൽ നിന്ന് സംരക്ഷിക്കും.
യു.ജി.സി ചട്ടങ്ങൾക്ക് സംസ്ഥാന നിയമത്തെ അസാധുവാക്കുന്ന അധികാരമുണ്ടെന്ന ധാരണയിലാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്. ഇത് നിയമപരമായ ചില ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ഈ അവ്യക്തത നീക്കുന്നതിനായി നിയമ വകുപ്പിന്റെ അഭിപ്രായം കാത്തിരിക്കുകയാണ്. നിർദിഷ്ട ഭേദഗതികൾ കേരളത്തിന്റെ റാഗിംഗ് വിരുദ്ധ നയത്തിൽ ഒരു പുതിയ മാറ്റം അടയാളപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |