കയ്പമംഗലം: മൂന്നരപ്പവന്റെ മാലയുമായി കാക്ക റാകിപ്പറന്നു. കാക്കയ്ക്കു പിന്നാലെ അരമണിക്കൂറോളം നാട്ടുകാർ വട്ടം കറങ്ങി. മതിലകം പഞ്ചായത്തിലെ കുടുക്കുവളവിലെ എഴുപത്തിയേഴാം നമ്പർ അങ്കണവാടിയുടെ മുറ്റത്ത് ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.
അങ്കണവാടി ഹെൽപ്പർ ഷേർളി തോമസിന്റെ മാലയാണ് കാക്ക റാഞ്ചിയത്. അവിടെ മുറ്റം തൂക്കുകയായിരുന്നു ഷേർളി. ശുചീകരണത്തിനിടെ ചൂലിൽ മാല കൊളുത്തിയതോടെ അതൂരി ഗോവണിപ്പടിയിൽ വച്ചു. ഉച്ചയ്ക്കുള്ള ഭക്ഷണപ്പൊതിയോടൊപ്പമാണ് മാലവച്ചത്.
ശുചീകരണം കഴിഞ്ഞെത്തിയപ്പോൾ മാല കാണുന്നില്ല. ഭക്ഷണപ്പൊതി ചിതറിയ നിലയിൽ. ഇതോടെ ഷേർളി പരിഭ്രമിച്ച് നിലവിളിയായി. പ്രദേശവാസികളായ പനയ്ക്കൽ സോമനും വെമ്പുലിയും ഗുലാബിയും ഓടിയെത്തി. തെരച്ചിലാരംഭിച്ചതോടെ കുട്ടികളുമായി സ്‌കൂൾ ബസ് കാത്തുനിന്നവരിൽ ചിലർ മാല പോലൊരു വസ്തുവുമായി കാക്ക പറന്നതായി സംശയം പറഞ്ഞു. ഇതോടെ തൊട്ടടുത്തുള്ള മാവിൻകൂട്ടത്തിലേക്കും തെരച്ചിൽ നീണ്ടു. വില്ലൻ കാക്ക ചുണ്ടിൽ മാലയുമായി മരക്കൊമ്പിൽ. ഇതോടെ ബഹളവും കൂക്കുവിളിയുമായി. പ്രദേശവാസികൾ കാക്കയ്ക്കു പിന്നാലെ കൂടി. കൂട്ടത്തിലുണ്ടായിരുന്ന പനയ്ക്കൽ സോമൻ കല്ലെറിഞ്ഞതോടെ ക്രാ, ക്രാ എന്ന് ചിലമ്പി കാക്ക പറന്നുപോയി. മാല താഴേക്കു വീണു. മരക്കൊമ്പിൽ കുടുങ്ങതെ നിലത്തെത്തിയ മാല നാട്ടുകാരുടെ ആഘോഷമായി. ഷേർളിക്ക് ആശ്വാസവും സമാധാനവുമായി. കൈവിട്ട ഗോൾഡിന് ആകാശത്തോളം ഗ്യാരന്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |