ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടുകൊള്ള ആരോപണം അന്വേഷിക്കണമെന്ന പൊതുതാത്പര്യഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. റിട്ടയേർഡ് ജഡ്‌ജിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. ഹർജിക്കാരനായ അഡ്വ. രോഹിത് പാണ്ഡെയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാമെന്ന് നിരീക്ഷിച്ച് ഹർജി തീർപ്പാക്കി. കമ്മിഷന് നിവേദനം നൽകിയതാണെന്നും നടപടിയുണ്ടാകുന്നില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയെങ്കിലും ഇടപെടില്ലെന്ന് കോടതി നിലപാടെടുത്തു. നിവേദനത്തിൽ തീരുമാനമെടുക്കാൻ കമ്മിഷന് സമയപരിധി നിശ്ചയിക്കണമെന്ന ആവശ്യവും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല. നിയമപരമായ പരിഹാരം മറ്റെവിടെയെങ്കിലും പോയി ആവശ്യപ്പെടൂയെന്നും പൊതുതാത്പര്യഹർജി മുഖേന കോടതിയിൽ നിന്ന് പരിഹാരം തേടാൻ കഴിയില്ലെന്നും വ്യക്തമാക്കി.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ ഉൾപ്പെട്ട മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |