തിരുവനന്തപുരം: ആറുമാസം മുമ്പ് അകാലത്തിൽ പൊലിഞ്ഞ പൊന്നുമോന്റെ അവയവദാനത്തിലൂടെ പുതുജീവിതം ലഭിച്ച കല്ലറ സ്വദേശി പ്രീതിയെ കണ്ടപ്പോൾ കൊല്ലം ചടയമംഗലം സ്വദേശി ദീപയ്ക്ക് കണ്ണീരടക്കാനായില്ല. പ്രീതിയെ ചേർത്തുപിടിച്ചു. സ‌്‌നേഹിച്ച് മതിയാവാതെ നഷ്ടപ്പെട്ട 19കാരൻ മകൻ ധീരജിന്റെ ചിത്രം കാട്ടികൊടുത്തു. പ്രീതിയുമൊത്ത് മൊബൈലിൽ പടമെടുത്തു. ടാഗോർ തീയേറ്ററിൽ അവയവദാതാക്കളുടെ കുടുംബങ്ങളെ ആദരിക്കാൻ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച സ്മൃതി സംഗമമാണ് വൈകാരിക നിമിഷങ്ങൾക്ക് വേദിയായത്.
മസ്തികമരണം സംഭവിച്ച ധീരജിന്റെ അവയവങ്ങളിലൂടെ അഞ്ചുപേർക്കാണ് പുതുജിവൻ കിട്ടിയത്. കഴിഞ്ഞ ഫെബ്രുവരി 14ന് ധീരജ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇലവക്കോടുവച്ച് കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ് കിംസിൽ ചികിത്സയിലിരിക്കെ 18ന് ധീരജിന്റെ മസ്തിഷ്ക മരണം സംഭവിച്ചു.
ആയൂർ മാർത്തോമ കോളേജിൽ ബികോം രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു. ധീരജിന്റെ വൃക്കയാണ് പ്രീതിക്ക് മാറ്റിവച്ചത്. ഫെബ്രുവരി 19ന് ശസ്ത്രക്രിയ നടന്നു. അതിനുശേഷം വിശ്രമത്തിലായിരുന്ന പ്രീതി ഇന്നലെയാണ് പുറത്തിറങ്ങിയത്. ധീരജിന്റെ കരൾ, ഹൃദയ വാൽവ്, രണ്ട് കണ്ണുകൾ എന്നിവയും പലർക്കായി ദാനം ചെയ്തു.
2017 ഡിസംബർ മുതൽ അവയവദാനം ചെയ്ത 122 വ്യക്തികളുടെ കുടുംബങ്ങളാണ് സംഗമത്തിൽ പങ്കെടുത്തത്. ഇവർക്ക് മന്ത്രി വീണാ ജോർജ് മൊമന്റോയും സർട്ടിഫിക്കറ്റും നൽകി. നിറകണ്ണുകളോടെ എത്തിയവരെ മന്ത്രി ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു.
മരുന്നുകൾ വിലക്കുറവിൽ
ലഭ്യമാക്കും: മന്ത്രി വീണ
കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് കൗണ്ടറുകൾ വഴി അവയവം മാറ്റിവച്ചവർക്കുള്ള മരുന്നുകളും വിലകുറച്ച് നൽകുമെന്ന് മന്ത്രി വീണാ ജോർജ്. അവയവദാനം സുതാര്യമാക്കുന്നതിനാണ് ഈ സർക്കാരിന്റെ കാലത്ത് കെ സോട്ടോ രൂപീകരിച്ചത്. ഇതുവരെ 389 മരണാനന്തര അവയവദാനം കേരളത്തിൽ നടന്നു. 1120 പേർക്ക് പുതിയ ജീവിതം ലഭിച്ചു. അവയവം മാറ്റിവച്ചാൽ മാത്രം ജീവൻ നിലനിറുത്താൻ കഴിയുന്ന 2801 രോഗികൾ കേരളത്തിലുണ്ട്. ജർമ്മനിയിൽ നടക്കുന്ന വേൾഡ് ട്രാൻസ്‌പ്ലാന്റ് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്ന് പങ്കെടുക്കുന്ന വൃക്ക മാറ്റിവച്ച മിഥുൻ അശോക്, കരൾ മാറ്റിവച്ച എസ്.സുജിത്ത് എന്നിവർക്ക് മന്ത്രി വിജയാശംസകൾ നേർന്നു. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |