തൃശൂർ: രാഷ്ട്രീയ വിവാദങ്ങൾക്കിടെ ഇന്നലെ തൃശൂരിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇതുസംബന്ധിച്ച പ്രതികരണം ഒറ്റവരിയിലൊതുക്കി. 'ഇത്രത്തോളം സഹായിച്ചതിന് നന്ദി' എന്നു മാത്രമായിരുന്നു വോട്ടർപ്പട്ടിക വിവാദമുൾപ്പെടെയുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹത്തിന്റെ മറുപടി. ഛത്തിസ്ഗഡിൽകന്യാസ്ത്രീകളുടെ അറസ്റ്റിനും വോട്ടർപ്പട്ടിക വിവാദത്തിനും ശേഷം ആദ്യമായാണ് സുരേഷ് ഗോപി ഇന്നലെ തൃശൂരിലെത്തിയത്.
കഴിഞ്ഞദിവസം തന്റെ ക്യാമ്പ് ഓഫീസിന് നേരെയുണ്ടായ സി.പി.എം അതിക്രമത്തെത്തുടർന്ന് ബി.ജെ.പി നടത്തിയ മാർച്ചിനു നേരെ ഉണ്ടായ ലാത്തിയടിയിലും കല്ലേറിലും പരിക്കേറ്റവരെ സന്ദർശിക്കുന്നതിനാണ് അദ്ദേഹമെത്തിയത്. ഇന്നലെ രാവിലെ ഒമ്പതരയോടെ വന്ദേഭാരതിൽ തൃശൂരിലെത്തിയ സുരേഷ് ഗോപിയെ മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ സ്വീകരിച്ചു. പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
ബി.ജെ.പി മാർച്ചിനിടെ പരിക്കേറ്റ പാർട്ടി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജനറൽ സെക്രട്ടറി പി.കെ.ബാബു, സംസ്ഥാന സമിതി അംഗം ഉല്ലാസ് ബാബു എന്നിവരടക്കമുള്ളവരെ അശ്വനി ആശുപത്രിയിലെത്തി സന്ദർശിച്ചു. തുടർന്ന് ചേറൂരിലെ ക്യാമ്പ് ഓഫീസിലെത്തി നേതാക്കളുമായി ചർച്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |